യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം: പോലീസ് ജലപീരങ്കി പ്രയോഗിച്ചു
1594335
Wednesday, September 24, 2025 7:15 AM IST
ചിറ്റൂർ: കോൺഗ്രസ് പ്രവർത്തകർക്ക് എതിരേ പോലീസ് അതിക്രമം നടത്തുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ചിറ്റൂർ, നെന്മാറ നിയോജകമണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ചിറ്റൂർ ഡിവൈഎസ്പി ഓഫീസ് മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകർക്കുനേരേ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.
ഇന്നലെ രാവിലെ പന്ത്രണ്ടോടെ അണിക്കോടുനിന്നു പ്രകടനമായി എത്തിയ പ്രവർത്തകരെ പോലീസ് സ്റ്റേഷന് സമീപത്ത് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിലേക്ക് കയറുകയും മറിച്ചിടാൻ ശ്രമം നടത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ഒരു പ്രവർത്തകനെ പോലീസ് അറസ്റ്റ്ചെയ്ത് നീക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രവർത്തകനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ ബാരിക്കേഡ് തള്ളിയിട്ട് പ്രതിഷേധിക്കാൻ ശ്രമിച്ചതോടെ പോലീസ് രണ്ടാം തവണജലപീരങ്കി പ്രയോഗിച്ചത്.
പ്രതിഷേധമാർച്ച് ഡിസിസി ഉപാധ്യക്ഷൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. സാജൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രതീഷ് മാധവൻ, ഷെഫീഖ് അത്തിക്കോട്, സംസ്ഥാന സെക്രട്ടറി ജിതേഷ് നാരായണൻ, കെഎസ്യു സംസ്ഥാന സെക്രട്ടറി അജാസ് കുഴൽമന്ദം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറിമാരായ പി.വി. വത്സൻ, എ. ഷെഫീഖ്, ശ്യാം ദേവദാസ്, മനു പല്ലാവൂർ എന്നിവർ പ്രസംഗിച്ചു.