മണ്ണാർക്കാട്-ആനക്കട്ടി റോഡ് അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണം: കത്തോലിക്ക കോൺഗ്രസ്
1594764
Friday, September 26, 2025 1:53 AM IST
താവളം: മണ്ണാർക്കാട്-ആനക്കട്ടി റോഡിന്റെ അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് അട്ടപ്പാടി മേഖല കൺവൻഷൻ ആവശ്യപ്പെട്ടു. വന്യജീവിശല്യവും കാർഷിക ഉത്പന്നങ്ങളുടെ വിലതകർച്ചയും മൂലം കഷ്ടപ്പെടുന്ന അട്ടപ്പാടി മേഖലയിലേക്ക് ഉള്ള ഏക ഗതാഗത മാർഗമായ മണ്ണാർക്കാട്-ആനക്കട്ടി റോഡ് വർഷങ്ങളായി അറ്റകുറ്റപണികൾ നടത്താതെ തകർന്നു കിടക്കുകയാണ്.
ആനമൂളി വരെ പണികൾ ഏറ്റെടുത്ത കരാറുകാരൻ കൃത്യസമയത്ത് പണിതീർക്കാത്തതിനാൽ ഈ പ്രദേശത്തെ ജനങ്ങൾ ഏറെ ദുരിതത്തിലാണ്. പൂഞ്ചോല വഴി നിർമിക്കാം എന്ന് വാഗ്ദാനം നൽകിയ ബദൽ റോഡിന്റെ അംഗീകാരം, എസ്റ്റിമേറ്റ് ഉൾപ്പെടെ പണികൾ ആരംഭിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നടപടി സ്വീകരിക്കണം. കേരള ഭൂപതിവ് ചട്ടത്തിൽ വരുത്തിയ മാറ്റങ്ങൾ പട്ടയഭൂമിയിൽ താമസിക്കുന്ന അട്ടപ്പാടി മേഖലയിലെ ആദിവാസികളെയും സാധാരണക്കാരെയും പ്രതികൂലമായി ബാധിക്കും എന്ന് യോഗം വിലയിരുത്തി .
കൺവൻഷൻ മേഖല ഡയറക്ടർ ഫാ. ജോസ് ചെനിയറ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ബോബി പൂവ്വത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സമുദായഅംഗങ്ങളെ ചേർത്തുപിടിച്ച് പ്രദേശത്തിന്റെ സമഗ്രവികസനത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചു.
അട്ടപ്പാടി മേഖലയിലെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിന് അട്ടപ്പാടിയിൽ സർക്കാർ നേതൃത്വത്തിൽ കാർഷിക മേഖല വ്യവസായങ്ങൾ ആരംഭിക്കണം. വന്യമൃഗശല്യം പരിഹരിക്കുവാൻ വനംകുപ്പിന്റെ തീവ്രയജ്ഞ പരിപാടിയിൽ പരമാവധി പരാതികൾ നൽകും.
ഫൊറോന പ്രസിഡന്റ് തിമോത്തി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, വൈസ് പ്രസിഡന്റ് ജോമി മാളിയേക്കൽ, ഫാ. ജോസഫ് അറയ്ക്കൽ, സിജി കോയിപ്പുറത്ത്, ബിനോയ് പൊരുനോലിൽ, ഫ്രാൻസിസ് കുന്നുമ്മേൽ എന്നിവർ പ്രസംഗിച്ചു.