കോട്ടോപ്പാടം മേഖലയിൽ കാട്ടുപന്നികളെ വെടിവച്ചുകൊന്നു
1594531
Thursday, September 25, 2025 1:59 AM IST
കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പ്, പുറ്റാനിക്കാട്, കാഞ്ഞിരംകുന്ന്, മേക്കളപ്പാറ, കണ്ടമംഗലം, ഭാഗങ്ങളിൽനിന്നായി 16 കാട്ടുപന്നികളെ വെടിവച്ചു കൊന്നു.
കഴിഞ്ഞദിവസം രാത്രി 8.30 മുതൽ പുലർച്ചെ 4.30 വരെ നടത്തിയ വേട്ടയിലാണ് കാട്ടുപന്നികളെ വെടിവച്ചുകൊന്നത്. പുറ്റാനിക്കാട് ക്യാമ്പ് ഷെഡ് പരിസരത്ത് വനത്തിനുള്ളിൽ സംസ്കരിച്ചു.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്. കൃഷിവിഭവങ്ങൾ നശിപ്പിക്കുന്നതിനുപുറമേ കാട്ടുപന്നികൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
നിരവധി ഇരുചക്രവാഹനങ്ങൾ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപെട്ടിരുന്നു.
കാട്ടുപന്നിശല്യം ഇല്ലാതാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഇടപെടണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്നാണ് പഞ്ചായത്തിന്റെ നടപടി.