കൂടുതൽ മാലിന്യ പ്ലാന്റുകളും ശ്മശാനങ്ങളും ഉദ്ഘാടനംചെയ്ത മന്ത്രി താനെന്ന് രാജേഷ്
1594759
Friday, September 26, 2025 1:53 AM IST
വടക്കഞ്ചേരി: ഏറ്റവും കൂടുതൽ മാലിന്യ പ്ലാന്റുകളും ആധുനിക ശ്മശാനങ്ങളും ഉദ്ഘാടനം ചെയ്ത മന്ത്രി എന്ന സൽപ്പേര് തനിക്ക് സ്വന്തമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതുവരെ തന്നെ കടത്തിവെട്ടി ആരും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമോ എന്നറിയില്ല.
വണ്ടാഴി പഞ്ചായത്തിലെ പെരണംകാട് മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി ശുചിത്വ സംസ്കാരവുമായി ബന്ധപ്പെട്ട് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്നലെ രാവിലെ പുതുക്കോട് പാട്ടോലയിൽ നടന്ന വാതകശ്മശാനം ഉൾപ്പെടെ അരഡസനിലേറെ ശ്മശാനങ്ങളുടെ ഉദ്ഘാടനമാണ് നടത്തിയത്. ചില ശ്മശാനങ്ങളുടെ മനോഹാരിതയും വൃത്തിയും കണ്ടാൽ മരിക്കാൻ തോന്നും എന്നായിരുന്നു മന്ത്രിയുടെ കമന്റ്. തിരുവനന്തപുരം ടൗണിനടുത്ത് മുട്ടത്തറയിൽ കക്കൂസ് മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കേട്ടാൽ അവിശ്വസനീയമാണെന്ന് തോന്നും.
ലോകത്ത്തന്നെ ഇത്തരത്തിലുള്ള പ്ലാന്റുകൾ നാലിടത്ത് മാത്രമെയുള്ളു. ഇതിൽ ആദ്യത്തേത് വഡോദരയിലും രണ്ടാമത്തേതാണ് തിരുവനന്തപുരത്തേത്. ടൂറിസ്റ്റ് കേന്ദ്രം പോലെ അതിമനോഹരമാണ് കൂട്ടത്തറയിലെ മാലിന്യ പ്ലാന്റ്. 36 കോടിയുടേതാണ് പദ്ധതി. സ്പോൺസർഷിപ്പിലാണ് അത് നടപ്പിലാക്കുന്നത്. സർക്കാരിന് ഒരൊറ്റ പൈസ ചെലവില്ല. പത്തു കോടി എഴുപത് ലക്ഷം ലിറ്റർ കക്കൂസ് മാലിന്യം സംസ്ക്കരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
സിംഗപ്പൂർ പോലെ അതിവികസിത രാജ്യങ്ങളിൽ കക്കൂസ് മാലിന്യത്തിൽ നിന്നും വെള്ളം ശുദ്ധീകരിച്ചെടുത്ത് കുടിവെള്ളമാക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ നാട്ടിൽ കുടിവെള്ളത്തിൽ ഉൾപ്പെടെ ക്വാളിഫോം ബാക്ടീരിയയുടെ അളവ് വളരെ ഉയർന്ന നിലയിലാണിപ്പോൾ. മനുഷ്യവിസർജ്യം വെള്ളത്തിൽ കലർന്നാണ് ഇത് സംഭവിക്കുന്നത്. ഈ സ്ഥിതി അപകടകരമാണ്. ഇതിനാൽ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകൾ കേരളത്തിൽ എല്ലായിടത്തും നടപ്പിലാക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.