വടകരപ്പതി കുടിൽകെട്ടി സമരത്തിനു ഡിസിസി പിന്തുണ
1594333
Wednesday, September 24, 2025 7:15 AM IST
കൊഴിഞ്ഞാമ്പാറ: വടകരപ്പതി വില്ലേജ് ഓഫീസിനു മുന്നിൽ കുടിൽകെട്ടി സമരത്തിന്റെ ഒൻപതാം ദിനമായ ഇന്നലെ കോൺഗ്രസ് ഭാരവാഹികൾ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, സെക്രട്ടറി തനികാചലം, വടകരപ്പതി മണ്ഡലം പ്രസിഡന്റ് കെ.യു. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം പേർ മോനോൻപാറ ടൗണിൽ നിന്നും പ്രകടനമായാണ് സമരപ്പന്തലിലെത്തിയത്. സമരക്കാരുടെ ധാർമികസമരത്തിന് ഡിസിസി പൂർണപിന്തുണയും പ്രഖ്യാപിച്ചു.
വടകരപ്പതിയിലെ സ്വകാര്യ വ്യക്തിയുടെ പത്തേക്കർ ഭൂമി ഉടമ അറിയാതെ നൽകുകയും പോക്കുവരവ് ചെയ്തുകൊടുത്ത് വ്യാജ ആധാരം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്ത വില്ലേജ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തിവരുന്നത്. വിവിധ രാഷ്ട്രീയ സേവന സംഘടനകളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.