കശുമാവുകൃഷിയിൽ ഭീമനഷ്ടമെന്ന് വനംവകുപ്പിനു കർഷകന്റെ പരാതി
1594528
Thursday, September 25, 2025 1:59 AM IST
മംഗലംഡാം: കുരങ്ങ്, മലയണ്ണാൻ, മുളൻപന്നി, കടവാവൽ എന്നിവയുടെ ശല്യംമൂലം ജീവിതമാർഗം ഇല്ലാതായതായി ചൂണ്ടിക്കാട്ടി 74കാരനായ കർഷകൻ വനംവകുപ്പിന് പരാതി നൽകി. കരിങ്കയം എർത്ത്ഡാമിൽ കശുമാവ് കൃഷി നടത്തുന്ന ഇലഞ്ഞിമറ്റം തോമസ് മാത്യുവാണ് ഇതു സംബന്ധിച്ച് നെന്മാറ ഡിഎഫ്ഒ ക്ക് പരാതി നൽകിയിട്ടുള്ളത്.
കശുമാവ് കൃഷിയിലാണ് കർഷകന് ഭീമമായ നഷ്ടം ഉണ്ടായത്. കശുമാവുകളിൽ കായ്ഫലമാകുമ്പോൾ കുരങ്ങ്, കടവാവൽ എന്നിവയുടെ വലിയ കൂട്ടങ്ങൾ തോട്ടത്തിലെത്തി കശുവണ്ടിയോടെ കശുമാങ്ങ പറിച്ചു കൊണ്ടുപോകും. ഇതുമൂലം ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
നൂറുകണക്കിന് കുരങ്ങുകളും ആയിരക്കണക്കിന് വരുന്ന വലിയ ഇനം വാവലുകളുമാണ് ഭീഷണിയായി മാറിയിട്ടുള്ളത്. ഇതിന് പരിഹാരം കാണണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വനംവകുപ്പ് നേതൃത്വം നൽകുന്ന വന്യമൃഗ നിയന്ത്രണ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ വന്യമൃഗശല്യത്തിനെതിരെ കർഷകർ പരാതികളുമായി രംഗത്തെത്തിയിട്ടുള്ളത്.