ഓടുന്ന കെഎസ്ആർടിസിക്ക് മുകളിൽ മരക്കൊമ്പ് വീണു
1594337
Wednesday, September 24, 2025 7:15 AM IST
നെല്ലിയാമ്പതി: നെന്മാറ -നെല്ലിയാമ്പതി റോഡിൽ ഇന്നലെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനുമുകളിൽ ഉണങ്ങിയ മരം പൊട്ടിവീണ് ഡ്രൈവർക്കു പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെ നെന്മാറയിൽനിന്നു നെല്ലിയാമ്പതി പോത്തുപാറയിലേക്കു പുറപ്പെട്ട കെഎസ്ആർടിസി ബസാണ് കുണ്ടർചോലയ്ക്കു സമീപം അപകടത്തിൽപെട്ടത്.
അപകടത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ഇതേതുടർന്ന് ഡ്രൈവർ ഗിരീഷിന്റെ ഇരുകൈകളിലും പരിക്കേറ്റു. അപകടത്തെത്തുടർന്ന് കുണ്ടർചോലയിൽ ബസ് സർവീസ് അവസാനിപ്പിച്ചതിനെതുടർന്ന് ബസിലെ യാത്രക്കാർ പെരുവഴിയിലായി. പിന്നീട് ഒന്നര മണിക്കൂറിനുശേഷം പിറകിൽ വന്ന സ്വകാര്യബസിൽ യാത്ര ചെയ്താണ് യാത്രക്കാർ നെല്ലിയാമ്പതിയിൽ എത്തിച്ചേർന്നത്.