ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ ദ്രുതഗതിയിൽ
1594753
Friday, September 26, 2025 1:53 AM IST
പാലക്കാട്: ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ റീ സര്‍വേ നടപടികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു.
മൂന്നുഘട്ടങ്ങളിലായി ജില്ലയിലെ 45 വില്ലേജുകളിലാണ് സര്‍വേ പുരോഗമിക്കുന്നത്. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സര്‍വേ പ്രവര്‍ത്തനങ്ങള്‍. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ ഭൂമിയുടെ അതിരുകളും അളവുകളും രേഖപ്പെടുത്തിയ ഡ്രാഫ്റ്റ് രേഖകള്‍ പൊതുജനങ്ങളുടെ പരിശോധനയ്ക്കായി പ്രദര്‍ശിപ്പിക്കും. ഇതില്‍ പരാതികളില്ലെങ്കില്‍ അന്തിമ വിജ്ഞാപനം പുറത്തിറങ്ങും.
ഒന്നാംഘട്ടത്തില്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി താലൂക്കുകളിലെ 14 വില്ലേജുകളില്‍ സര്‍വേ ആരംഭിച്ചതില്‍ തിരുമിറ്റക്കോട്-1, തിരുമിറ്റക്കോട്-2, തച്ചനാട്ടുകര-1, തച്ചനാട്ടുകര-2, അലനല്ലൂര്‍-1, അലനല്ലൂര്‍-2, കോട്ടോപ്പാടം-2, കോട്ടോപ്പാടം-3 എന്നീ വില്ലേജുകളിലെ പ്രസിദ്ധീകരണത്തിനുള്ള ജോലികള്‍ പൂര്‍ത്തിയായി. മറ്റുവില്ലേജുകളില്‍ പ്രദര്‍ശനവും പൂര്‍ത്തിയായിട്ടുണ്ട്.
രണ്ടാംഘട്ടത്തില്‍ വിവിധ താലൂക്കുകളിലായി 15 വില്ലേജുകളിലാണ് സര്‍വേ പുരോഗമിക്കുന്നത്. പാലക്കാട് താലൂക്കിലെ കോങ്ങാട്-1, ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം-1 എന്നീ വില്ലേജുകളിലെ നടപടികള്‍ പൂര്‍ത്തിയായി. കണ്ണാടി-1, അകത്തേത്തറ, നെന്മാറ, ചാലിശ്ശേരി, കുത്തനൂര്‍-1, ആലത്തൂര്‍ താലൂക്കിലെ വണ്ടാഴി-1 എന്നീ വില്ലേജുകളിലെ സര്‍വെ പൂര്‍ത്തിയാക്കി പ്രദര്‍ശനവും നടത്തി. മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 16 വില്ലേജുകളില്‍ ഏഴെണ്ണത്തില്‍ സര്‍വേ ജോലികള്‍ പുരോഗമിക്കുകയാണ്.
ഡിജിറ്റല്‍ റീ-സര്‍വെ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളിലും കൈമാറ്റ നടപടികളിലും സുപ്രധാനമായ മാറ്റങ്ങളുണ്ടാകും.
സര്‍ക്കാര്‍ ആരംഭിച്ച എന്റെ ഭൂമി പോര്‍ട്ടലിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭിക്കും.
റവന്യൂ, സര്‍വെ, രജിസ്ട്രേഷന് വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഏകീകൃത ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭിക്കുന്നത് നടപടിക്രമങ്ങള്‍ ലളിതമാക്കും.
ഈ ഡിജിറ്റല്‍ രേഖകള്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഭൂമി വാങ്ങുമ്പോഴും വില്ക്കുമ്പോഴും കബളിപ്പിക്കപ്പെടാതിരിക്കാനും സഹായകമാകും.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ലൊക്കേഷന്‍ സ്കെച്ച് പോലുള്ള രേഖകള്‍ക്ക് ഫീല്‍ഡ് പരിശോധന ഒഴിവാക്കാനും ഉപകാരപ്പെടും.