പുതുക്കോട് പാട്ടോല വാതകശ്മശാനം നാടിനു സമർപ്പിച്ചു
1594757
Friday, September 26, 2025 1:53 AM IST
വടക്കഞ്ചേരി: പുതുക്കോട് ഗ്രാമപഞ്ചായത്തിലെ നിര്‍മാണം പൂര്‍ത്തികരിച്ച വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. എംസിഎഫ് കെട്ടിട നിര്‍മാണം, പഞ്ചായത്ത് ഗ്രൗണ്ട് നവീകരണം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
2021- 22 വര്‍ഷത്തെ ശാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 93,25,301 രൂപ ചെലവിലാണ് പുതുക്കോട് ഗ്രാമ പഞ്ചായത്തിലെ വാതക ശ്മശാനം നിര്‍മാണം പൂര്‍ത്തീകരിച്ചത്. പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് ശ്മശാനം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ധനകാര്യ കമ്മീഷന് ഗ്രാന്റായ 25 ലക്ഷം രൂപ ചെലവിലാണ് എംസിഎഫ് കെട്ടിടം നിര്‍മിക്കുന്നത്.
2024- 25 ബജറ്റില്‍ വകയിരുത്തിയ ഒരു കോടി രൂപ ചെലവഴിച്ചാണ് ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പാട്ടോല വാതക ശ്മശാന പരിസരത്ത് നടന്ന പരിപാടിയില്‍ പി.പി. സുമോദ് എംഎല്‍എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം പി.എം. അലി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബിനു, വികസനകാര്യ ചെയര്‍പേഴ്സണ്‍ കെ.സുലോചന, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന ടീച്ചര്‍, വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രന് മാസ്റ്റര്‍, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.