ലഹരിക്കെതിരേ ജനകീയ പ്രതിരോധം തീർത്ത് രമേശ് ചെന്നിത്തലയുടെ വാക്കത്തോണ്
1594527
Thursday, September 25, 2025 1:59 AM IST
പാലക്കാട്: രമേശ് ചെന്നിത്തല നയിച്ച പ്രൗഡ് കേരളയുടെ വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ് ജനകീയ പ്രതിരോധത്തിന്റെ ഐക്യദാർഢ്യപ്രഖ്യാപനമായി. തനത് കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ രാവിലെ ആറിന് വിക്ടോറിയ കോളജിനു മുന്നിൽ നിന്ന് ആരംഭിച്ച ലഹരിക്കെതിരെ സമൂഹനടത്തം കോട്ടമൈതാനത്ത് സമാപിച്ചു. പാലക്കാട്ടെ സാമൂഹ്യ സാംസ്കാരിക നായകർ ഈ നടത്തത്തിൽ അണി ചേർന്നു.
വിക്ടോറിയ കോളജിനു മുന്നിൽ വി.കെ. ശ്രീകണ്ഠൻ എംപി ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെയുള്ള സമരം മാനവികതയ്ക്കു വേണ്ടിയുള്ള സമരമാണെന്നും ഓരോ മനുഷ്യനും ഇതിൽ അണി ചേരേണ്ടതുണ്ടെന്നും എംപി പറഞ്ഞു. ഓരോ വീടുകളിൽ നിന്നും പ്രതിരോധം ആരംഭിക്കണം. സ്നേഹം നിറഞ്ഞുനിന്ന വീടുകളിൽ ഇന്ന് ചോര വീഴുകയാണ്. മക്കൾ മാതാപിതാക്കളെ വെട്ടിക്കൊല്ലുന്ന കാലമാണ്. രാസലഹരിയാണ് ഇതിനു കാരണം. ഇതിന്റെ വേരുകൾ പറിച്ചെറിയേണ്ടിയിരിക്കുന്നു.
ഈ ധർമസമരം ജനത ഏറ്റെടുക്കണമെന്നും ശ്രീകണ്ഠൻ പറഞ്ഞു. പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കുന്ന പതിനൊന്നാമത് വാക്കത്തോണാണ് പാലക്കാട് അരങ്ങേറിയത്. സമൂഹത്തിൽ ആഴത്തിൽ വേരുകളാഴ്ത്തിയ ലഹരിമാഫിയയെ തകർത്തെറിയാൻ ഓരോരുത്തരും പ്രതിജ്ഞ എടുക്കേണ്ടതുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ കുട്ടികൾ ലഹരിക്കടിമകൾ മാത്രമല്ല ലഹരിവാഹകർ കൂടിയാകുന്ന സ്ഥിതിവിശേഷമാണ്. ചെന്നിത്തല പറഞ്ഞു. തുടർന്ന് അദ്ദേഹം ജാഥാംഗങ്ങൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷനായിരുന്നു.കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, മുൻ യുഎൻ ജോയിന്റ് സെക്രട്ടറി അജിത് കുമാർവർമ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, സി. ചന്ദ്രൻ, പ്രഫ.കെ.എ. തുളസി, കെപിസിസി വക്താവ് സന്ദീപ് വാര്യർ, നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ, മുൻ എം.പി വി.എസ്. വിജയരാഘവൻ, അഡ്വ.എൻ. ഷംസുദ്ദീൻ എംഎൽഎ, കെ.എ. ചന്ദ്രൻ, കെപിസിസി സെക്രട്ടറിമാരായ പി.വി. രാജേഷ്, പി. ബാലഗോപാൽ, പി. ഹരിഗോവിന്ദൻ, ഡിസിസി വൈസ് പ്രസിഡന്റുമാരായ സുമേഷ് അച്യുതൻ, ടി.എച്ച്. ഫിറോസ് ബാബു, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ, ദേശീയ അത്ലറ്റിക് താരം ഹരിദാസ്, കിദർ മുഹമ്മദ്, പത്മ ഗിരീശൻ, ഫെബിൻ, പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, ഡോ. ആർ. വത്സലൻ തുടങ്ങിയവർ നേതൃത്വം നൽകി.