ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും
Friday, September 26, 2025 2:25 AM IST
ദുബായ്: ദുബായ്: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഈ ഏഷ്യ കപ്പിൽ ഇരു ടീമും ഇതിനോടകം നേർക്കുനേർ ഇറങ്ങിയ രണ്ട് മത്സരത്തിലും ഇന്ത്യക്കായിരുന്നു ജയം.
ഇന്നലെ നടന്ന, സെമി ഫൈനലിനു തുല്യമായ സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ 11 റണ്‍സിനു കീഴടക്കിയാണ് പാക്കിസ്ഥാൻ ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്.
സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 135/8. ബംഗ്ലാദേശ് 20 ഓവറിൽ 124/9. ഷമിം ഹുസൈനാണ് (30) ബംഗ്ല ഇന്നിംഗ്സിലെ ടോപ് സ്കോറർ. പാക്കിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
സൂപ്പർ ഫോറിലെ അപ്രസ്തമായ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും.ബംഗ്ലാദേശിന് എതിരായ ജയത്തോടെ സൂപ്പർ ഫോറിൽ മൂന്നു മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി പാക്കിസ്ഥാൻ രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് കലാശപ്പോരിന് യോഗ്യത സ്വന്തമാക്കിയത്.
തട്ടിയും മുട്ടിയും
ടോസ് നഷ്ടപ്പെട്ട് ക്രീസില്‍ എത്തിയ പാക്കിസ്ഥാന് ഇന്നിംഗ്സിലെ നാലാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. സാഹിബ്സാദ ഫര്‍ഹാനെ (4) തസ്കിന് അഹമ്മദ് പവലിയനിലേക്കു പറഞ്ഞയച്ചു. രണ്ടാം ഓവറിന്റെ നാലാം പന്തില്‍ സയീം അയൂബിനെയും (0) പാക്കിസ്ഥാനു നഷ്ടമായി. ഫഖാര്‍ സമാന് (13), ഹുസൈന് തലാത് (3) എന്നിവരും പുറത്തായതോടെ 8.1 ഓവറില്‍ 33 റണ്‍സിന് നാലു വിക്കറ്റ് എന്ന അവസ്ഥയിലേക്ക് പാക്കിസ്ഥാന് പതിച്ചു.
23 പന്തില്‍ 31 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. മുഹമ്മദ് നവാസ് 15 പന്തില്‍ 25 റണ്‍സും ഷഹീന് അഫ്രീദി 13 പന്തില്‍ 19 റണ്‍സും നേടിയതാണ് പാക്കിസ്ഥാനെ 135ല്‍ എത്തിച്ചത്.