തണ്ടര്‍ അശ്വിന്
Friday, September 26, 2025 2:25 AM IST
ചെന്നൈ/സിഡ്നി: ഇന്ത്യന്‍ ദേശീയ ടീമിനായി 14 വര്‍ഷം കളിച്ച ഓഫ് സ്പിന്നര്‍ ആര്. അശ്വിന് ഇനി ഓസ്ട്രേലിയന്‍ ട്വന്റി-20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ (ബിബിഎല്‍) കളിക്കും. സിഡ്നി തണ്ടറുമായി ആര്. അശ്വിന് കരാര്‍ ഒപ്പിട്ടു.
2025-26 സീസണില്‍ അശ്വിന് കളിക്കുമെന്ന് സിഡ്നി തണ്ടര്‍ അറിയിച്ചു. 2015-16 സീസണ് ബിഗ് ബാഷ് ലീഗ് ചാമ്പ്യന്മാരാണ് സിഡ്നി തണ്ടര്‍. ഓസ്ട്രേലിയന്‍ മുന്‍ താരം ഡേവിഡ് വാര്‍ണര്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍.
2025-26 സീസണ് ബിബിഎല്‍ ഡിസംബര്‍ 14ന് ആരംഭിക്കും. സിഡ്നി തണ്ടറിന്റെ ആദ്യ മത്സരം ഡിസംബര്‍ 17ന് നിലവിലെ ചാമ്പ്യന്മാരായ ഹോബാര്‍ട്ട് ഹാരിക്കേന്സിന് എതിരേയാണ്. സിഡ്നിയെ ഫൈനലില്‍ കീഴടക്കിയായിരുന്നു ഹോബാര്‍ട്ട് കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരായത്.
ചരിത്രം കുറിച്ച് അശ്വിന്
ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റ് കളിച്ച ഒരു താരം ചരിത്രത്തില്‍ ആദ്യമായാണ് ബിബിഎല്‍ ടീമുമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. 2024 ഡിസംബറില്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് അശ്വിന് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു പൂര്‍ണമായി വിരമിച്ചത്. കഴിഞ്ഞ മാസം ഐപിഎല്ലില്‍നിന്നും അശ്വിന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതില്‍ അനില്‍ കുംബ്ലെയ്ക്കു (619) പിന്നില്‍ രണ്ടാം സ്ഥാനത്താണ് അശ്വിന്, 537 വിക്കറ്റ്. ഏകദിനത്തില്‍ 156ഉം ട്വന്റി-20യില്‍ 72ഉം വിക്കറ്റ് ഇന്ത്യന്‍ ജഴ്സിയില്‍ സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി-20 കരിയറില്‍ 317 വിക്കറ്റ് അശ്വിന് വീഴ്ത്തി.
സജീവ, ബിസിസിഐയുമായി കരാറുള്ള കളിക്കാര്‍ക്ക് മറ്റു ലീഗുകളുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ അനുമതിയില്ല.