അർജന്റൈൻ ടീമിന്റെ കേരള സന്ദർശനം ; സ്റ്റേഡിയം ഓക്കെ, പക്ഷേ...
Wednesday, September 24, 2025 2:19 AM IST
അനില്‍ തോമസ്
കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമ്പോള്‍ പന്തു തട്ടുക കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍.
സ്റ്റേഡിയത്തിലെ സൗകര്യങ്ങളും ടീമിന്റെ യാത്ര, താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്താന്‍ കൊച്ചിയിലെത്തിയ അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചി സ്റ്റേഡിയത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്.
ഇനി എതിരാളികള്‍ ആരാകും എന്നതാണു തീരുമാനിക്കേണ്ടത്. ഓസ്ട്രേലിയയും ഐവറി കോസ്റ്റും സൗദി അറേബ്യയുമൊക്കെ സാധ്യതാപട്ടികയിലുണ്ട്. സാധ്യത കൂടുതല്‍ ഓസ്ട്രേലിയയ്ക്കാണ്.
മത്സരം നവംബർ 16/17
നവംബര്‍ 15നാണ് മെസി അടങ്ങുന്ന അര്‍ജന്റീന ടീം കൊച്ചിയിലെത്തുക. 18വരെ ടീം കേരളത്തിലുണ്ടാകും. 16നോ 17നോ ആകും മത്സരം. സമയവും തീയതിയും തീരുമാനിക്കേണ്ടതുണ്ട്. അതിനു മുന്‍പായി സ്റ്റേഡിയം അടിമുടി നവീകരിക്കണം. ചില പോരായ്മകള്‍ കബ്രേര ചൂണ്ടിക്കാട്ടിയതായാണു വിവരം. വിവിഐപി ലോഞ്ചിലെ നിലവിലെ സൗകര്യങ്ങളില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് അടക്കമുള്ളവര്‍ കളി കാണാന്‍ എത്തുമെന്നതിനാല്‍ കുറേക്കൂടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കാണികള്‍ വേണം, ഒപ്പം സുരക്ഷയും
കൊച്ചി സ്റ്റേഡിയത്തിന്റെ സുരക്ഷ സംബന്ധിച്ച് ഏറെക്കാലമായി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ഇക്കാര്യം അംഗീകരിക്കുന്നില്ല. 70,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് ജെഎല്‍എന്‍ സ്റ്റേഡിയത്തിന്. ഇപ്പോള്‍ അത്രയും ആളുകളെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കുന്നില്ല. 54,000 വരെയാണ് ഐഎസ്എല്‍ മത്സരങ്ങളിലെ പരമാവധി കാണികള്‍. 2017ല്‍ അണ്ടര്‍ 17 ഫിഫ വേൾഡ് കപ്പിനു വേദിയായപ്പോള്‍ 23,000 കാണികളെ മാത്രമാണു സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചത്. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി മൂന്നാം നില ഒഴിച്ചിട്ടിരുന്നു.
സൗഹൃദ മത്സരങ്ങളില്‍ ഫിഫ മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കപ്പെടാറില്ലാത്തതിനാല് കാണികളുടെ എണ്ണത്തില്‍ വിട്ടുവീഴ്ച ഉണ്ടായേക്കും. കുറഞ്ഞത് 50,000 കാണികളെങ്കിലും സ്റ്റേഡിയത്തിലുണ്ടാകണമെന്ന ആവശ്യം കബ്രേര മുന്നോട്ടുവച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യമുണ്ടായല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കാണികളെ സ്റ്റേഡിയത്തിനു പുറത്തെത്തിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും വേണം. സ്റ്റേഡിയത്തിന്റെ പ്രവേശനകവാടങ്ങള്‍ തടസങ്ങള്‍ നീക്കി നവീകരിക്കാൻ ജിസിഡിഎ തീരുമാനിച്ചിട്ടുണ്ട്.
ചെയ്യാനേറെയുണ്ട്
മത്സരം കൊച്ചിയില്‍ത്തന്നെ നടക്കുമെന്ന് സ്ഥിരീകരണമുണ്ടായ സാഹചര്യത്തില്‍ ചെയ്തുതീര്ക്കാന് ഏറെയുണ്ട്. ഫുട്ബോളിന് അനുകൂലമായ ഗ്രൗണ്ടാണിത്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെ ഒഴിവാക്കാനുള്ള പ്രധാന കാര്യവും അത് ഫുട്ബോളിന് അനുയോജ്യമല്ല എന്നതാണ്.
ചെളിമണ്ണിനുമേല് പുല്‍ത്തട്ട് വളര്‍ത്തിയതാണു കാര്യവട്ടം സ്റ്റേഡിയം. ഇതു ക്രിക്കറ്റ് മത്സരങ്ങള്‍ക്കാണ് അനുയോജ്യം. എന്നാല്‍ ഫുട്ബോള്‍ ഗ്രൗണ്ടുകളില്‍ മണലാണ് ഉപയോഗിക്കേണ്ടത്. 2017 അണ്ടര്‍ 17 ലോകകപ്പിനായി കൊച്ചിയിലെ ക്രിക്കറ്റ് ഗ്രൗണ്ട് മാറ്റി ഫുട്ബോള്‍ ഗ്രൗണ്ടാക്കി മാറ്റിയിരുന്നു.
എങ്കിലും ഗ്രൗണ്ട് അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമായി നവീകരിക്കേണ്ടതുണ്ട്. ഇതിനായി ഒരു മാസം വേണ്ടിവരും. ഗ്രൗണ്ടിലെ പണികള്‍ നടക്കുന്നതോടൊപ്പം ഗാലറികളുടെയും പവലിയനുകളുടെയും ലോഞ്ച് റൂമുകളുടെയും ടീമുകള്‍ക്കുള്ള ഡ്രസിംഗ് റൂമുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തണം. ഫ്ലെഡ് ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കുന്ന പണികള്‍ നടന്നുവരികയാണ്.
ഫാന്മീറ്റ് ഉണ്ടാകും
മത്സരം കണാന്‍ കഴിയാത്ത ആരാധകര്‍ക്കായി മെസിയെയും ടീം അംഗങ്ങളെയും നേരിട്ടു കാണാന്‍ ഫാന്‍സ് മീറ്റ് ആലോചനയിലുണ്ടെന്ന് സ്പോര്‍ട്സ് മന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു. എന്നാല്‍, അതു സ്പോണ്‍സര്‍മാര്‍ തയാറാക്കിയ പ്ലാന്‍ പ്രകാരം ആയിരിക്കുമോയെന്നു മന്ത്രി ഉറപ്പിക്കുന്നില്ല. ടീം മാനേജര്‍ കബ്രേരയും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
പഴുതടച്ച സുരക്ഷയൊരുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അത്തരമൊരു ഫാന്‍സ്മീറ്റ് ഉണ്ടാകൂ. സുരക്ഷയുടെ ഉത്തരവാദിത്വം പോലീസിനായതിനാല് അവരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.