ലിവര്‍ ഡെര്‍ബി
Sunday, September 21, 2025 1:38 AM IST
ലിവര്‍പൂള്‍: മെഴ്സിസൈഡ് ഡെര്‍ബിയില്‍ ജയം സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ എഫ്സി. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 2-1ന് എവര്‍ട്ടണിനെ അവര്‍ കീഴടക്കി.
ഇംഗ്ലീഷ് ടോപ് ഡിവിഷന് ഫുട്ബോളിലെ ഏറ്റവും പഴക്കം ചെന്ന ഡെര്‍ബിയാണ് ലിവര്‍പൂളും എവര്‍ട്ടണും തമ്മിലുള്ളത്. 1894 മുതല്‍ മെഴ്സിസൈഡ് ഡെര്‍ബി എന്നറിയപ്പെടുന്ന ലിവര്‍പൂള്‍ x എവര്ട്ടണ് പോരാട്ടം അരങ്ങേറുന്നു.
ഡെര്‍ബിയുടെ ആദ്യ 30 മിനിറ്റില്‍ത്തന്നെ ലിവര്‍പൂള്‍ 2-0ന്റെ ലീഡ് സ്വന്തമാക്കി. റയാന് ഗ്രാവന്‍ബെര്‍ച്ചിന്റെ ഗോളില്‍ 10-ാം മിനിറ്റില്‍ എവര്‍ട്ടണിനെ പിന്നിലാക്കിയ ലിവര്‍പൂള്‍, ഹ്യൂഗോ എകിടിക്കെയിലൂടെ (29’) ലീഡ് ഉയര്‍ത്തി. ആദ്യ ഗോളിന് മുഹമ്മദ് സലയും രണ്ടാം ഗോളിന് റയാന് ഗ്രാവന്ബെര്ച്ചുമായിരുന്നു അസിസ്റ്റ് നടത്തിയത്. 58-ാം മിനിറ്റില്‍ ഇഗ്രിസ ഗുയെയിലൂടെ എവര്ട്ടണ് ഒരു ഗോള്‍ മടക്കിയെങ്കിലും തോല്‍വി തടയാന്‍ അതുമതിയായില്ല.
ജയത്തോടെ ലിവര്‍പൂള്‍ 2025-26 സീസണിലെ പെര്‍ഫെക്ട് സ്റ്റാര്‍ട്ട് നിലനിര്‍ത്തി. കളിച്ച അഞ്ച് മത്സരങ്ങളിലും ജയം സ്വന്തമാക്കി 15 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് തുടരുകയാണ് ചെമ്പട.