മെസി കൊച്ചിയില്‍?
Saturday, September 20, 2025 1:47 AM IST
കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റൈൻ ടീമും കൊച്ചിയില്‍ കളിച്ചേക്കും. നവംബറില്‍ കേരളത്തിലെത്തുന്ന അര്‍ജന്റൈൻ ടീമിന്റെ രണ്ടു സൗഹൃദമത്സരങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.
സ്റ്റേഡിയത്തിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിന് വരും ആഴ്ചകളില്‍ വിദഗ്ധസംഘം എത്തിയേക്കും. അര്‍ജന്റീനയ്ക്കും ഓസ്ട്രേലിയയ്ക്കും പുറമെ ഒരു ടീം കൂടി കളിക്കാനുള്ള സാധ്യതയും ചര്‍ച്ച ചെയ്യുന്നുണ്ട്.
തുടക്കത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണു പരിഗണിച്ചിരുന്നത്. എന്നാല്‍, ക്രിക്കറ്റ് സ്റ്റേഡിയമായതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇവിടെ ഫുട്ബോള്‍ മത്സരത്തിനു സജ്ജമാക്കുക പ്രായോഗികമല്ല. പിച്ച് മാറ്റേണ്ടി വരുമെന്നതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷനും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു കൊച്ചിയെ പരിഗണിക്കുന്നത്.
നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കഴിഞ്ഞ മാസമാണ് അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളം സന്ദര്‍ശിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. ലോകചാമ്പ്യന്മാരായ ടീം നവംബര്‍ 10നും 18നും ഇടയില്‍ കേരളത്തിലും അംഗോളയിലെ ലുവാണ്ടയിലുമായി രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചിരുന്നു. പിന്നാലെ കായികമന്ത്രി വി. അബ്ദുറഹ്മാനും അര്‍ജന്റൈൻ ടീമിന്റെ വരവ് സ്ഥിരീകരിച്ചു.