മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാർ
Saturday, September 20, 2025 1:24 AM IST
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാരെ പ്രഖ്യാപിച്ചു. മോൺ.ഡോ. കുര്യാക്കോസ് തടത്തിലിനെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററുടെ ചുമതലയിലും മോൺ.ഡോ. ജോൺ കുറ്റിയിലിനെ തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായമെത്രാനുമായാണ് നിയമിച്ചത്. മെത്രാഭിഷേകം നവംബർ 22ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.
അടൂരിൽ 95-ാമത് പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ധന്യൻ മാർ ഈവാനിയോസ് മെത്രാഭിഷേക ശതാബ്ദിയുടെ അല്മായ സംഗമവേദിയിൽ സഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പുതിയ മെത്രാന്മാരുടെ നിയമന പ്രഖ്യാപനം നടത്തിയത്.
ഇതേസമയം, റോമിലും തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും നിയമന അറിയിപ്പുകൾ വായിച്ചു. സഭയിലെ എല്ലാ ബിഷപ്പുമാരുടെയും നിര വധി വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിലായിരുന്നു അടൂർ മാർ ഈവാനിയോസ് നഗറിൽ പ്രഖ്യാപനം നടന്നത്. തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിയമന കല്പന വായിച്ചു. സഭയിലെ ബിഷപ്പുമാരുടെ എണ്ണം ഇതോടെ 18 ആയി.
2001 മുതൽ യൂറോപ്പ് ഉൾപ്പെടുന്ന മേഖലയിലേക്ക് മലങ്കര കത്തോലിക്കാ സഭ വിസിറ്റേറ്ററെ നിയമിച്ചുവരുന്നു. എന്നാൽ, യുകെ ആസ്ഥാനമായി യൂറോപ്പിനു മാത്രമായി ഒരു മെത്രാനെ വിസിറ്റേറ്റർ ചുമതലയിൽ വേണമെന്ന സഭ സുന്നഹദോസ് തീരുമാനം ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചതോടെയാണ് യുകെയിലെ സഭാതല കോ-ഓർഡിനേറ്ററായി നിലവിൽ പ്രവർത്തിച്ചുവരുന്ന മോൺ. കുര്യാക്കോസ് തടത്തിലിനെ മെത്രാനായി നിശ്ചയിച്ചത്.
തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായമെത്രാനായിരുന്ന മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര രൂപതാധ്യക്ഷനായി നിയമിതനായതിനു പിന്നാലെയാണ് പുതിയ സഹായമെത്രാനെ നിയമിക്കുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ നിയുക്ത മെത്രാന്മാരെ വേദിയിലേക്കു ക്ഷണിച്ച് മോതിരവും ഇടക്കെട്ടും കറുത്ത കുപ്പായവും അണിയിച്ചു.
മോൺ. കുര്യാക്കോസ് തടത്തിലിനെ കാതോലിക്കാ ബാവ മോതിരം അണിയിച്ചു. മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യൂഹാനോൻ മാർ തിയഡോഷ്യസ് ഇടക്കെട്ടും പത്തനംതിട്ട രൂപതാധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് കുപ്പായവും അണിയിച്ചു.
മോൺ. ജോൺ കുറ്റിയിലിന് ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മോതിരം അണിയിച്ചു. ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് ഇടക്കെട്ടും പാറശാല രൂപതാധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് കുപ്പായവും അണിയിച്ചു. സീറോ മലങ്കര സഭയിലെ മെത്രാന്മാരെ കൂടാതെ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും സന്നിഹിതനായിരുന്നു.