സാമൂഹ്യശുശ്രൂഷ നടത്താന്‍ എല്ലാ ക്രൈസ്തവർക്കും കടമ: മാര്‍ കല്ലറങ്ങാട്ട്
Friday, September 19, 2025 1:45 AM IST
പാലാ: ക്രൈസ്തവ ദര്‍ശനം അനുസരിച്ച് സാമൂഹ്യശുശ്രൂഷ ചെയ്യാന്‍ എല്ലാ ക്രൈസ്തവർക്കും കടമയുണ്ടെന്നും പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്കുന്നതു വഴി വലിയ സാമൂഹ്യ ശുശ്രൂഷയാണ് ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുടുംബാംഗങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതെന്നും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
കരൂര്‍ ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുര്യന് ചാണ്ടിയുടെയും ഭാര്യ സിസിലിയുടെയും അനുസ്മരണാര്ഥം കരൂര്‍ വൈദ്യശാലപ്പടിയിലെ ഇന്‍ഫന്റ് ജീസസ് നഗറില്‍ പൂര്‍ത്തിയായ 11 സ്നേഹ വീടുകളുടെയും ഗ്രോട്ടോയുടെയും വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, അന്ത്യാളം പള്ളി വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, കരൂര്‍ പളളി വികാരി ഫാ. ഫിലിപ്പ് കുളങ്ങര എന്നിവര്‍ സഹകാര്‍മികരായി.
25 സ്നേഹവീടുകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ പതിനൊന്ന് കുടുംബങ്ങള്‍ക്കാണ് ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുര്യന് ചാണ്ടി മെമ്മോറിയല്‍ ഇന്‍ഫന്റ് ജീസസ് ചാരിറ്റബിള്‍ ട്രസ്റ്റ് ഇപ്പോള്‍ ആലയം ഒരുക്കിയത്.
ഇനി പതിനാല് കുടുംബങ്ങള്‍ക്കുകൂടി തലചായ്ക്കാനൊരിടം ഒരുക്കാനുള്ള ശ്രമവും ഇതോടൊപ്പം ആരംഭിക്കും. ഇതിന്റെ തറക്കല്ലിടീലും വെഞ്ചരിപ്പും ബിഷപ് നിര്‍വഹിച്ചു. ജനപ്രതിനിധികളും വൈദികരും പൊതുപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ നാടു മുഴവന്‍ അണിനിരന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഡിവൈന്‍ റിട്രീറ്റ് സെന്റർ ഡയറക്ടര്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.ഫ്രാന്‍സിസ് ജോര്‍ജ് എംപി അധ്യക്ഷത വഹിച്ചു. ട്രസ്റ്റിന്റെ ശിലാഫലക അനാശ്ചാദനവും അദ്ദേഹം നിര്‍വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ട്രസ്റ്റ് ഭാരവാഹികളായ മാത്യു അലക്സാണ്ടര്‍, സിന്ലെറ്റ് മാത്യു, അലിക് മാത്യു, ഫെലിക്സ് മാത്യു, ചാണ്ടിക്കുഞ്ഞ്, ബോണി തോമസ് എന്നിവര്‍ നേതൃത്വം നല്കി.