അവകാശികളാരുമില്ല, എറണാകുളം ഗസ്റ്റ്ഹൗസിലെ മോതിരം ലേലത്തിന്
Thursday, September 18, 2025 1:18 AM IST
കൊല്ലം: അവകാശികളാരുമില്ല, എത്രകാലമാണ് സൂക്ഷിക്കുക, എറണാകുളം ഗസ്റ്റ് ഹൗസിലെ അവകാശികളില്ലാത്ത സ്വര്‍ണമോതിരം ലേലം ചെയ്യും. അതിനു സര്‍ക്കാര്‍ അനുമതിയും നല്കി. അങ്ങനെ കാലങ്ങളായി മോതിരത്തിനുവേണ്ടി കാവലിരുന്ന ഗസ്റ്റ് ഹൗസ് അധികാരികള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസമാകുന്നു.
വളരെ പഴക്കമുള്ള കഥയാണെങ്കിലും സ്വര്‍ണത്തിന്റെ വിലയോര്‍ക്കുമ്പോള്‍ അവകാശികള്‍ ആരും വരാത്തതിലും അതിശയം. 2011ലാണ് സംഭവം. ഗസ്റ്റ് ഹൗസിലെ ഫയലുകള്‍ സൂക്ഷിക്കുന്ന അലമാരയിലാണ് സാധനം കണ്ടത്.
അലമാര തുറന്നു പരിശോധിച്ചപ്പോള്‍ 2011 ഫെബ്രുവരി ഏഴാംതീയതിയിലെ കുറിപ്പില്‍ പൊതിഞ്ഞ 9.62 ഗ്രാം തൂക്കം വരുന്ന ഒരു സ്വര്‍ണമോതിരം വച്ചിരിക്കുന്നു. അന്നു മുതല്‍ ഗസ്റ്റ് ഹൗസില്‍ ഈ മോതിരത്തിനുവേണ്ടി കാവല്‍നില്‍ക്കുകയാണ്. ജീവനക്കാര്‍ പലരോടും ചോദിച്ചെങ്കിലും അവകാശികളൊന്നും മുന്നിലെത്തിയില്ല.
എന്നാല്‍ ആരെങ്കിലും അവകാശികള്‍ വന്നാല്‍ കൊടുത്തുവിട്ടു തലയൂരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവസാനം വിനോദ സഞ്ചാരവകുപ്പ് ഡയറക്ടര്‍ തന്നെ രംഗത്തിറങ്ങി സര്‍ക്കാരിനു മുന്നിലൊരു അപേക്ഷ വച്ചു. അവകാശികളാരുമില്ലാത്തതുകൊണ്ട് ഈ മോതിരം ലേലം ചെയ്തു കൊടുത്തു ലഭിക്കുന്ന പണം സര്‍ക്കാരിലേക്ക് മുതല്‍കൂട്ടണം.
നമുടെ സര്‍ക്കാരല്ലേ, ഇതുസംബന്ധിച്ചു വളരെ വിശദമായി പരിശോധിച്ചു. ഇപ്രകാരം വില്ക്കുന്നതുവഴി ലഭിക്കുന്ന തുക സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്ന വ്യവസ്ഥ അനുസരിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിനോദസഞ്ചാര ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. അങ്ങനെ ഉടനെതന്നെ ഈ മോതിരത്തിനൊരു അവകാശിയുണ്ടാകും.