അമീബിക് മസ്തിഷ്കജ്വരം ; ആക്ഷൻ പ്ലാനിന് രൂപംനൽകി: മന്ത്രി വീണാ ജോർജ്
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വ്യക്തമായ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാനും രൂപീകരിച്ചിട്ടുണ്ട്.
അമീബിക് മസ്തിഷ്കജ്വരം തുടക്കത്തിൽതന്നെ കണ്ടെത്തി രോഗിയെ രക്ഷപ്പെടുത്തുന്നതിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഒന്നും നടക്കുന്നില്ലെന്നു വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നുവരുന്നുണ്ട്. ആരോഗ്യമേഖലയിൽ വിവിധ സ്ഥാപനങ്ങൾക്ക് 2000 കോടി രൂപ കൊടുത്തുതീർക്കാനുണ്ടെന്ന് പ്രതിപക്ഷം പറയുന്നു.
പാവപ്പെട്ടവർക്കു വലിയ തോതിൽ ചികിത്സ നൽകുന്നുണ്ടെന്നുള്ളതിന്റെ തെളിവാണിത്.
2015-16 ൽ യുഡിഎഫ് സർക്കാർ പദ്ധതി വിഹിതത്തിന്റെ അഞ്ചു ശതമാനം ആരോഗ്യമേഖലയ്ക്കായി നീക്കിവച്ചെങ്കിൽ ഇപ്പോൾ അത് 7.18 ശതമാനമായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.