ഒറ്റപ്പെട്ട സംഭവങ്ങളെന്ന് മുഖ്യമന്ത്രി
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: വർഷങ്ങൾ പഴക്കമുള്ള കേസുകൾ ഇപ്പോൾ പോലീസിനെതിരേ ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നും പോലീസിന്റെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കവേയാണു പോലീസിനെ മുഖ്യമന്ത്രി ന്യായീകരിച്ചത്. സംസ്ഥാനത്താകെ ലോക്കപ്പ് മർദനങ്ങൾ നടക്കുന്നുവെന്നു പറയുന്നത് അവാസ്തവമാണ്. ഒറ്റപ്പെട്ട പരാതികൾ ഉണ്ടെന്നുള്ളതു സത്യമാണ്.
തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ സംഭവങ്ങളെ മാധ്യമങ്ങളുടെ സഹായത്തോടെ പർവതീകരിച്ചു കാണിക്കുകയാണെന്നും ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അരമണിക്കൂറിലേറെ സമയമെടുത്താണു മുഖ്യമന്ത്രി പോലീസിനെ യോഗത്തിൽ ന്യായീകരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളായിരുന്നു ഇടതുമുന്നണി യോഗത്തിന്റെ അജണ്ട. സർക്കാരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അടുത്ത മാസം ചേരുന്ന ഇടതുമുന്നണി യോഗം വിശദമായി ചർച്ച ചെയ്യും.
മന്ത്രിമാർ തങ്ങളുടെ വകുപ്പുകളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിക്കും. ഈ ഓണക്കാലത്ത് സിവിൽ സപ്ലൈസും കണ്‍സ്യൂമർ ഫെഡും നടത്തിയ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു.