ടിക്കറ്റില്ലാതെ ട്രെയിൻയാത്ര: പിടിയിലായത് 294 പേർ
Tuesday, September 16, 2025 1:51 AM IST
പാലക്കാട്: ട്രെയിനിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരെ പൊക്കാൻ പ്രത്യേക പരിശോധനായജ്ഞവുമായി റെയിൽവേ.
ഒരു ചെറിയ റൂട്ടിൽ ഒരു ദിവസത്തെ പരിശോധനായജ്ഞത്തിനാണ് പാലക്കാട് ഡിവിഷൻ തുടക്കംകുറിച്ചത്. ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിൽ നടന്ന പരിശോധനയിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്ത 294 പേരെ പിടികൂടി. പിഴയായി കിട്ടിയത് 95,225 രൂപ.
രാജ്യറാണി എക്സ്പ്രസ്, കോട്ടയം- നിലമ്പൂർ എക്സ്പ്രസ്, പാസഞ്ചർ ട്രെയിൻ സർവീസുകളിലായിരുന്നു പരിശോധന. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), റെയിൽവേ പോലീസ് (ജിആർപി), കൊമേഴ്സ്യൽ ഡിപ്പാർട്ട്മെന്റ് എന്നിവർ സംയുക്തമായാണ് പരിശോധനാ ഡ്രൈവ് നടത്തിയത്. കർശനനടപടി തുടരുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു.