വന്യജീവി സംരക്ഷണ കേരള ഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
Sunday, September 14, 2025 2:01 AM IST
തിരുവനന്തപുരം: ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിച്ചാൽ ഉടൻതന്നെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതിനുള്ള കരട് ബില്ലിന് ആഴ്ചകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ പ്രത്യേക മന്ത്രിസഭ അംഗീകാരം നൽകി.
ആർക്കെങ്കിലും ഗുരുതര പരിക്കേറ്റാൽ ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കണ്സർവേറ്ററോ അക്കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് ചെയ്താൽ അദ്ദേഹത്തിന് മറ്റു നടപടിക്രമങ്ങൾക്കായി സമയം പാഴാക്കാതെ അക്രമകാരിയായ വന്യമൃഗത്തെ കൊല്ലുന്നതിന് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാം.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ, വന്യജീവി സംരക്ഷണ കേരള ഭേദഗതി ബില്ലിന്റെ കരടിനാണ് അംഗീകാരം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം ഭേദഗതി കൊണ്ടുവരുന്നത്.
നിലവിലുള്ള കേന്ദ്രനിയമത്തിലെയും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയറിലെ അപ്രായോഗിക നടപടിക്രമങ്ങൾ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാൻ സാധ്യമാക്കുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകളെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. എന്നാൽ സംരക്ഷിക്കപ്പെടേണ്ട ജീവികളെ സംരക്ഷിക്കുന്നതിന് നിയമപ്രകാരം തടസമില്ലെന്നും മന്ത്രി പറഞ്ഞു.