വികസനത്തിന് സുസ്ഥിര നഗരനയം വേണം: മുഖ്യമന്ത്രി
Saturday, September 13, 2025 2:50 AM IST
കൊച്ചി: നഗരവത്കരണത്തിലൂടെ സംഭവിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിന് ഫലപ്രദമായ കർമപദ്ധതികൾ ആവിഷ്കരിച്ചത് കേരളത്തിന്റെ മാതൃകാ മുന്നേറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വൻ നഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗരവത്കരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ ഏറ്റെടുക്കാനും അവയെ അവസരങ്ങളാക്കി മാറ്റാനും കഴിയണം. സംസ്ഥാനസർക്കാർ മുന്നോട്ടുവയ്ക്കുന്ന നവകേരളം എന്ന ആശയവും ഹരിതകേരളം, ലൈഫ്, ആർദ്രം, മാലിന്യമുക്ത നവകേരളം എന്നീ മിഷനുകളും ആ നിലയിലുള്ളതാണ്. നഗരവികസനത്തിന് അടിസ്ഥാനസൗകര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ഭവന നിര്‍മാണ-നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യാതിഥിയായിരുന്നു.
ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള അടിസ്ഥാന സൗകര്യ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്ട്ടിന് മെയര്‍, ഹിമാചൽ പ്രദേശ് നഗര വികസന മന്ത്രി വിക്രമാദിത്യ സിംഗ്, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, കൊച്ചി മേയർ എം. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കേരള അർബൻ പോളിസി കമ്മീഷൻ ചെയർമാൻ പ്രഫ. എം. സതീഷ് കുമാർ, എംഎൽഎമാർ, വകുപ്പ് സെക്രട്ടറിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
നഗരവികസനവുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളും ചർച്ചകളും പ്രദർശനങ്ങളും കോൺക്ലേവിന്റെ ഭാഗമായി നടക്കുന്നുണ്ട്. കോൺക്ലേവ് ഇന്നു സമാപിക്കും.
നഗരവത്കരണത്തിൽ കേരളം മുന്നിൽ: മനോഹർലാൽ ഖട്ടർ
കൊച്ചി: നഗരവത്കരണത്തിൽ കേരളം അതിവേഗം മുന്നേറുന്ന സംസ്ഥാനമെന്ന് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ. ലോകത്തെ ഏറ്റവും വലിയ ലീനിയർ സിറ്റിയായി കേരളം മാറുമെന്ന് പ്രതീക്ഷിക്കാം.
കേരളത്തിലെ നഗരവത്കരണ നിരക്ക് 95 ശതമാനമാകും. കേരള അർബൻ കോൺക്ലേവ് രാജ്യത്തെ മറ്റു നഗരങ്ങൾക്ക് വഴികാട്ടിയും നഗരനയ വികസനത്തിന് നാഴികക്കല്ലുമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.