ഏത് അന്വേഷണം നേരിടാനും തയാറെന്ന് കെ.ടി. ജലീൽ
Friday, September 12, 2025 3:48 AM IST
തിരുവനന്തപുരം: മലയാള സർവകലാശാലയ്ക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് കെ.ടി ജലീൽ എംഎൽഎ. താൻ മന്ത്രിയായിരുന്നപ്പോഴല്ല അതിനുള്ള തീരുമാനം എടുത്തത്.
തീരുമാനം എടുത്തു നടപടികൾ തുടങ്ങി അവസാനഘട്ടമെത്തിയപ്പോഴാണ് മന്ത്രിയായത്. വേറെ ഒരു സ്ഥലവും ഇല്ലാത്ത സാഹചര്യത്തിലാണ് ആ സ്ഥലം വാങ്ങിയതെന്നു ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭൂമി വിഷയത്തിൽ എന്തെങ്കിലും പിശകു വരുത്തിയിട്ടുണ്ടെങ്കിൽ ഫിറോസ് പരാതി കൊടുക്കട്ടെ. ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ. പി.കെ. ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവിയാണ്.
കേരളത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പൂർണസമയ ചുമതല വഹിക്കുന്ന അതേസമയത്തുതന്നെ ദുബായിലെ കമ്പനിയിൽ അഞ്ചേകാൽ ലക്ഷം രൂപ മാസശമ്പളമുള്ള ജോലി ചെയ്യുന്ന ഫിറോസിനെ കുമ്പിടി എന്നു വിളിച്ചാൽ അത് കുറഞ്ഞു പോകും.
ഇത്രയും ശമ്പളം ലഭിക്കാൻ കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്താണെന്ന് വ്യക്തമാക്കാൻ പൊതുപ്രവർത്തകൻ എന്ന നിലയിൽ ഫിറോസ് ബാധ്യസ്ഥനാണെന്നും ജലീൽ പറഞ്ഞു.