ക്ഷേമനിധി ബോർഡ് തൊഴിലാളികളെ വഞ്ചിക്കുന്നു: എകെഎസ്എടിയു
Friday, September 12, 2025 2:58 AM IST
കണ്ണൂർ: മോട്ടോർ തൊഴിലാളിക്ഷേമനിധി ബോർഡ് തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ.
അംഗത്വമുള്ള ഓട്ടോ തൊഴിലാളികളുടെ തുകയും അവരിൽനിന്ന് 2005 മുതൽ 2023 ഡിസംബർ വരെ തൊഴിലാളി വിഹിതമായി എത്ര രൂപ പിരിച്ചെടുത്തു എന്ന ചോദ്യത്തിന് ലഭിച്ച മറുപടിയിൽനിന്നുതന്നെ വഞ്ചന വ്യക്തമാകും.
ക്ഷേമനിധി ബോർഡിലേക്ക് 5,35,082 ഓട്ടോറിക്ഷ തൊഴിലാളികൾ രജിസ്റ്റർ ചെയ്തതുവഴി തൊഴിലാളി വിഹിതമായി 59,91, 97,484 രൂപ പിരിച്ചെടുത്തെന്നുമാണ് ക്ഷേമനിധി ബോർഡ് പറയുന്നത്. എന്നാൽ 5,35,082 തൊഴിലാളികൾ അവരുടെ ഒരു മാസ വിഹിതമായ 60 രൂപ അടച്ചാൽ പ്രതിമാസം 3,21,04,920 രൂപ വരും.
ഒരു വർഷത്തേക്ക് അത് 38,52,59,040 രൂപ ആകുമെന്നിരിക്കേ തൊഴിലാളികൾ 2005 ജൂൺ മുതൽ 2023 ഡിസംബർ മാസം വരെയുള്ള 18 വർഷം അടച്ച കണക്ക് കേവലം അറുപത് കോടിക്ക് അടുത്തുള്ള തുക മാത്രമാണെന്ന ബോർഡിന്റെ വാദം അംഗീകരിക്കാനാകില്ല. ഇക്കാര്യത്തിൽ ക്ഷേമനിധി ബോർഡ് ചെയർമാൻ മറുപടി പറയണമെന്നും എകെഎസ്എടിയു ജനറൽ സെക്രട്ടറി എൻ. ലക്ഷ്മണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.