കെപിഎസ്ടിഎയുടെ പൊതുവിദ്യാഭ്യാസ സംരക്ഷണയാത്ര 15 മുതൽ
Friday, September 12, 2025 2:58 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വികലമായ പൊതുവിദ്യാഭ്യാസ നയങ്ങൾക്കും അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ അട്ടിമറിക്കുന്നതിനുമെതിരേ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ ജാഥ ഈ മാസം 15ന് ആരംഭിക്കും.
കാസർഗോട്ടുനിന്നും ആരംഭിക്കുന്ന ജാഥ 14 ജില്ലകളിലും പര്യടനം നടത്തി 27ന് തിരുവനന്തപുരത്ത് അധ്യാപക റാലിയോടെ സമാപിക്കും. കെപിഎസ്ടിഎ പ്രസിഡന്റ് കെ. അബ്ദുൾ മജീദ് ക്യാപ്റ്റനായ ജാഥയിൽ ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ മാനേജരും ട്രഷറർ അനിൽകുമാർ വട്ടപ്പാറ കോ-ഓർഡിനേറ്ററുമാണ്.
അധ്യാപകരുടെ ജോലി നഷ്ടപ്പെടുത്തുന്ന സുപ്രീംകോടതി ഉത്തരവ് ഭേദഗതി വരുത്തുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുകയും സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുകയും ചെയ്യണമെന്ന ആവശ്യം ജാഥയിൽ മുന്നോട്ടുവയ്ക്കുന്നു.
കൂടാതെ ഭിന്നശേഷിയുടെ പേരിൽ നിയമനാംഗീകാരം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യാപകർ കേരളത്തിലുണ്ട്. കൃത്യമായി നിയമം അനുശാസിക്കുന്ന തരത്തിൽ അധ്യാപക തസ്തികകൾ ഒഴിച്ചിട്ടു നടത്തിയ അധ്യാപക നിയമനങ്ങൾക്കുപോലും സർക്കാരിന്റെ തെറ്റായ നിലപാടുകൾമൂലം അംഗീകാരം കിട്ടിയിട്ടില്ല. ഇതിനു മാറ്റംവരുത്താൻ സർക്കാർ തയാറാവണം.
ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറയുന്ന സർക്കാർതന്നെ ഫയലുകളിൽ യഥാസമയം ശരിയായ നടപടി സ്വീകരിക്കാത്തതുമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന അധ്യാപകരുടെ നാടാണ് കേരളമെന്നു കെപിഎസ്ടിഎ ആരോപിച്ചു.
അടിയന്തരമായി നിബന്ധനകൾ പാലിച്ച് നിയമനം നടത്തിയിട്ടുള്ള മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളമടക്കം ആനുകൂല്യങ്ങളും നൽകണം. ജോലിയിൽ പ്രവേശിച്ച് നിയമനാംഗീകാരം നേടിയ മുഴുവൻ അധ്യാപകർക്കും സർവീസ് ദൈർഘ്യം നോക്കാതെ ജോലി സംരക്ഷണം ഉറപ്പുവരുത്തണം.
ദിവസവേതന അടിസ്ഥാനത്തിലും പ്രൊവിഷണലായും അംഗീകാരം നൽകിയവർക്ക് സ്ഥിരനിയമനം നൽകുകയും ശമ്പള കുടിശിക അനുവദിക്കുകയും ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.
1997 മുതൽ കേരളത്തിൽ നിലനിന്ന 1:40 അധ്യാപക വിദ്യാർഥി അനുപാതം എടുത്തുകളഞ്ഞ സർക്കാർ നിലപാട് പുനഃപരിശോധിക്കുക, 9,10 ക്ലാസുകളിൽ ഈ അനുപാതം നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര. 15ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്ത് ജാഥാ ക്യാപ്റ്റനു പതാക കൈമാറും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരിക്കും.
രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. 27ന് സെക്രട്ടേറിയറ്റിലേക്ക് അധ്യാപകരുടെ പ്രകടനത്തോടെ ജാഥ സമാപിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.