കോണ്‍ഗ്രസിന്റെ ജനകീയ സദസിൽ പ്രതിഷേധമിരന്പി
Thursday, September 11, 2025 3:19 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷനുകൾക്കു മുന്നിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസിൽ പ്രതിഷേധമിരന്പി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ക്രിമിനൽ കേസെടുത്ത് ജയിലിലടയ്ക്കുകയും ചെയ്യുക, സുജിത്തിന് ന്യായമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധ സദസ് ഒരുക്കിയത്.
സംസ്ഥാനതല ഉദ്ഘാടനം തൃശൃർ കുന്നംകുളം പോലീസ് സ്റ്റേഷന് മുന്നിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
നീതിക്കായി വി.എസ് സുജിത്തും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസും നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സുജിത്തിന് സഹായമായി നിൽക്കുകയും ദീർഘകാലം നിയമപോരാട്ടം നടത്തുകയും ചെയ്ത ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസിനെ ഡിസിസി എക്സിക്യൂട്ടിവിലേക്ക് സ്ഥാനക്കയറ്റം നൽകുമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല കിളിമാനൂരിലും കൊടിക്കുന്നിൽ സുരേഷ് കൊട്ടാരക്കരയിലും മുൻ കെപിസിസി പ്രസിഡന്റുമാരായ എം.എം ഹസൻ വിഴിഞ്ഞത്തും കെ. മുരളീധരൻ മ്യൂസിയം പോലീസ് സ്റ്റേഷനിലും ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു.
കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ-മലപ്പുറം, പി.സി വിഷ്ണുനാഥ്-കുണ്ടറ, കണ്ണനല്ലൂർ, ഷാഫി പറന്പിൽ- വടകര, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്- വെഞ്ഞാറമൂട് ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ- പൊഴിയൂർ, എം.വിൻസെന്റ് എംഎൽഎ- കോവളം, ശ്രീകുമാർ വെള്ളറട- മരിയാപുരം, വി.എസ് ശിവകുമാർ- കന്റോണ്‍മെന്റ്, ജി.സുബോധൻ- നെടുമങ്ങാട്, ജിഎസ് ബാബു വലിയതുറ, ടി.ശരത്ചന്ദ്ര പ്രസാദ്- പേട്ട, ബാബു പ്രസാദ്-ആലപ്പുഴ സൗത്ത്, എഎ ഷുക്കൂർ- ആലപ്പുഴ നോർത്ത്, ഷാനിമോൾ ഉസ്മാൻ- അരൂർ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.