മേരിമാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഉദ്ഘാടനം ചെയ്തു
Wednesday, September 10, 2025 2:20 AM IST
തൃശൂർ: വത്തിക്കാനിൽനിന്നു പ്രത്യേക അംഗീകാരം ലഭിച്ച മേരിമാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ഉദ്ഘാടനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു.
ബെൽജിയം ലുവെയ്ൻ കത്തോലിക്ക സർവകലാശാലയുടെ അഫിലിയേഷനോടുകൂടി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിനു ദൈവശാസ്ത്രപഠനത്തിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്താനും സാധാരണക്കാരന്റെ പ്രശ്നങ്ങളുമായി സംവദിക്കാൻ കഴിയുംവിധത്തിലുള്ള പഠനപരിപാടികൾ കൂടുതലായി ആവിഷ്കരിക്കാനും സാധിക്കട്ടെയെന്ന് മാർ തട്ടിൽ ആശംസിച്ചു.
തൃശൂർ അതിരൂപത അധ്യക്ഷനും ഇൻസ്റ്റിറ്റ്യൂട്ടിന്റെ മോഡറേറ്ററുമായ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മാർ ജേക്കബ് തൂങ്കുഴി 1998ൽ ആരംഭിച്ച മേരിമാതാ മേജർ സെമിനാരിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ലുവെയ്ൻ ദൈവശാസ്ത്ര ഫാക്കൽറ്റി ഡീൻ പ്രഫ. ബെനഡിക്ട ലെംലിൻ, വൈസ് ഡീൻ പ്രഫ. പീറ്റർ ഡിമെ, സെമിനാരി റെക്ടർ റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ, മേരിമാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഡയറക്ടർ റവ.ഡോ. പോൾ പുളിക്കൻ എന്നിവർ പ്രസംഗിച്ചു.
വൈദികവിദ്യാർഥികളോടൊപ്പം സമർപ്പിതർക്കും അൽമായർക്കും ദൈവശാസ്ത്രത്തിൽ ഡിഗ്രി എടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം ഉണ്ടാകും. ഉദ്ഘാടനത്തിന് ഒരുക്കമായി നടന്ന നിഖ്യാ സൂനഹദോസ് 1700-ാം വാർഷികസെമിനാറിൽ ആലപ്പുഴ മെത്രാൻ ഡോ. ജയിംസ് ആനാപറന്പിൽ, ഡോ. മോത്തി വർക്കി, ഡോ. ജയിംസ് പുലിയുറുന്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മോണ്‍. ജയ്സണ്‍ കൂനംപ്ലാക്കൽ, ഡോ. സിബി ചെറുതോട്ടിൽ, ഡോ. ബിൽജു വാഴപ്പിള്ളി, സിസ്റ്റർ ഡോ. ജൂലിറ്റ് എന്നിവർ പ്രസംഗിച്ചു.