സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Tuesday, September 9, 2025 1:23 AM IST
നെടുംകുന്നം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ച യുവാവ് മരിച്ചു. നെടുമണ്ണി കിഴക്കേമുട്ടം എം.സി. ജോൺസന്റെ മകൻ പ്രിൻസൺ (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ന് കറുകച്ചാൽ- മണിമല റോഡിൽ നെടുംകുന്നത്തിന് സമീപം കോവേലി വളവിലായിരുന്നു അപകടം.
ആങ്ങമൂഴിയിൽ നിന്നും കോട്ടയത്തേക്കു പോയ സ്വകാര്യ ബസും നെടുംകുന്നത്തു നിന്നും നെടുമണ്ണിയിലേക്കു പോയ പ്രിൻസൺ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിൻസണെ നാട്ടുകാർ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു .