‘നിന്നെ കൈവച്ചവരെ പൂട്ടും’; ഇത് വർഗീസിന്റെ ഉറപ്പാ
Sunday, September 7, 2025 1:35 AM IST
കുന്നംകുളം: “നിന്റെ ദേഹത്തു കൈവച്ചവരെ പൂട്ടും. ഇതു വാക്കാണ്” സ്റ്റേഷനിൽനിന്നു ജാമ്യത്തിൽ ഇറക്കിക്കൊണ്ടു വരുന്പോൾ സുജിത്തിന്റെ രാഷ്ട്രീയഗുരു കൂടിയായ വർഗീസ് ചൊവ്വന്നൂർ പറഞ്ഞപ്പോൾ നിയമപോരാട്ടം ഇത്രത്തോളം നീളുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. ഏതൊരു രാഷ്ട്രീയക്കാരനും പിന്നീടു മറന്നുപോകാവുന്ന ആ ഉറപ്പ് പോലീസുകാരെ കോടതി കയറ്റുന്നതുവരെ എത്തിച്ചു.
പ്രലോഭനങ്ങൾക്കു മുന്നിൽ തളരാതെ, പോലീസിന്റെ നേരിട്ടും പരോക്ഷവുമായ ഭീഷണികൾക്കു വഴങ്ങാതെ, നിയമപോരാട്ടത്തിന്റെ മുന്നിൽനിന്നതു കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസാണ്. കുന്നംകുളം നിയോജകമണ്ഡലം മുൻ പ്രസിഡന്റ് എ.എം. നിതീഷ്, വൈസ് പ്രസിഡന്റ് കെ. വിഘ്നേശ്വര പ്രസാദ് എന്നിവരും ഒപ്പം നിന്നു.
സുജിത്തിനുണ്ടായ വേദനയും അപമാനവും അവന്റെ മാത്രമല്ല, തന്റെയുംകൂടിയാണെന്നു തിരിച്ചറിഞ്ഞാണ് വർഗീസ് ഏതറ്റം വരെയും പോകാൻ തീരുമാനിച്ചത്. സംഭവം നടന്ന ഏപ്രിൽ അഞ്ചിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ ഹർജിയടക്കം നൽകിയത് വർഗീസാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധിപ്പേർ വർഗീസിനെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
പോലീസ് സിസിടിവി ദൃശ്യങ്ങൾ നൽകാതിരുന്നതോടെ വിവരാവകാശ കമ്മീഷനെ സമീപിച്ചതിലും പിന്നീടു ഹിയറിംഗിനു വിളിച്ചപ്പോഴും കോടതി നടപടികളിലുമെല്ലാം വർഗീസായിരുന്നു സുജിത്തിന്റെ ധൈര്യം.
“സുജിത്തിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയെന്ന് അറിഞ്ഞപ്പോൾതന്നെ പോലീസിനെ വിളിച്ചിരുന്നു. കുഴപ്പമില്ലെന്നും രാവിലെ വന്നാൽ മതിയെന്നും പറഞ്ഞു. രാവിലെ ചെന്നപ്പോൾ അടിവസ്ത്രം മാത്രം ധരിച്ചായിരുന്നു സുജിത്ത് നിന്നത്. ചാവക്കാട് കോടതിയിലാണു പോലീസ് തയാറാക്കിയ എഫ്ഐആറുമായി സുജിത്തിനെ ആദ്യം ഹാജരാക്കിയത്. തെളിവുകളില്ലെന്നു മനസിലാക്കിയ മജിസ്ട്രേറ്റ് അസാധാരണ രീതിയിലാണ് പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങിയത്.
സിറ്റി പോലീസ് കമ്മീഷണർക്കു റിപ്പോർട്ട് നൽകിയ ഡിസിആർബി എസിപി പോലും ഒരുവർഷം കോടതിയിൽ ഹാജരാകാതെ മാറിനിന്നു. ഒടുവിൽ വാറന്റായപ്പോഴാണ് കോടതിയിൽ മൊഴി നൽകിയത്”- വർഗീസ് പറയുന്നു.
വണ്വേ തെറ്റിച്ചതിന്റെ പേരിലുള്ള വാക്കുതർക്കത്തിനു പിന്നാലെ യുവാവിനെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത് കുന്നംകുളം സ്റ്റേഷനിൽ ക്രൂരമായി മർദിച്ച സംഭവത്തിലും വർഗീസ് സജീവമായി ഇടപെടുന്നുണ്ട്.