മുനമ്പം പ്രശ്നം പരിഹരിക്കാൻ സർക്കാരിന് അമാന്തമെന്തെന്ന് ബിഷപ് പുത്തൻവീട്ടിൽ
Sunday, September 7, 2025 1:35 AM IST
ചെറായി: നിയമസഭയിലെ 140 എംഎൽഎമാരിൽ ഭൂരിഭാഗവും മുനമ്പം പ്രശ്നം പരിഹരിക്കണമെന്ന് ഒരേ സ്വരത്തിൽ പറയുമ്പോഴും പ്രശ്നപരിഹാരത്തിനായി സർക്കാർ അമാന്തം കാണിക്കുന്നതെന്താണെന്ന് വ്യക്തമല്ലെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ.
സ്വന്തം കിടപ്പാടത്തിന്റെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത 328 ദിവസമായി നടത്തുന്ന നിരാഹാര സമരത്തിന്റെ ഭാഗമായി തിരുവോണം നാളിലെ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമായിരുന്നു അദ്ദേഹം.
തിരുവോണദിനത്തിലെ പട്ടിണി സമരം സർക്കാരുകളുടെ കണ്ണ് തുറപ്പിക്കാനാണെന്നും നീതി ലഭിക്കുന്നത് വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ബിഷപ് പറഞ്ഞു.