മുനമ്പം ഭൂസമരം 328-ാം ദിനത്തില്‍; ബിഷപ് ഡോ. അംബ്രോസ് ഇന്ന് സമരപ്പന്തലിലെത്തും
Friday, September 5, 2025 6:44 AM IST
കൊച്ചി: 610 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ നിഷേധിച്ചതിനെതിരേ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിരാഹാരസമരം തിരുവോണ ദിനമായ ഇന്ന് 328 ദിവസം പൂര്‍ത്തിയാക്കും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഇന്നു രാവിലെ പത്തിന് സമരപ്പന്തലില്‍ എത്തിച്ചേരും. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍.
റോക്കി റോബി കളത്തില്‍, എസ്എന്‍ഡിപി വൈപ്പിന്‍ യൂണിയന് പ്രസിഡന്റ് ടി.ജി. വിജയന്, യൂണിയന് സെക്രട്ടറി ടി.ബി. ജോഷി, എസ്എന്‍ഡിപി യോഗം ബോര്‍ഡ് മെംബർ കെ.പി. ഗോപാലകൃഷ്ണന്, കുടുംബി സേവാ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ജയപ്രസാദ് കടമക്കുടി, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെഎല്‍സിഎ രൂപത പ്രസിഡന്റ് അനില്‍ കുന്നത്തൂര്‍ തുടങ്ങിയവരും മറ്റു സാമുദായികനേതാക്കളും മുനമ്പം വേളാങ്കണ്ണി മാതാ പള്ളിമുറ്റത്തെ സമരവേദിയില്‍ സന്നിഹിതരാകും.
2024 ഒക്ടോബർ 13ന് ഞായറാഴ്ച രാവിലെ പത്തിനാണ് മുനമ്പം ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിൽ നിരാഹാരസമരം ആരംഭിച്ചത്.