ശബരിമല സംരക്ഷണ സംഗമവുമായി ഹൈന്ദവ സംഘടനകള്‍
Thursday, September 4, 2025 2:15 AM IST
കൊച്ചി: ദേവസ്വം ബോര്‍ഡ് നടത്താന്‍ നിശ്ചയിച്ച ആഗോള അയ്യപ്പസംഗമത്തിനു ബദലായി സംസ്ഥാനത്തെ ഹൈന്ദവ സംഘടനകളെ പങ്കെടുപ്പിച്ച് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണസംഗമം നടത്തുമെന്ന് ഹൈന്ദവ സംഘടനാ ഭാരവാഹികള്‍ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 22ന് പന്തളത്താണ് സംഗമം നടത്തുന്നത്. സമയവും വേദിയും പിന്നീടു തീരുമാനിക്കും.
ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി സിപിഎം രാഷ്ട്രീയനേട്ടത്തിനായി നടത്തുന്ന അയ്യപ്പസംഗമത്തിലെ കാപട്യം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുകയാണ് സംഗമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ പറഞ്ഞു.
ശബരിമല യുവതീ പ്രവേശന വിഷയത്തെത്തുടര്‍ന്ന് നഷ്ടപ്പെട്ട ഹൈന്ദവ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ നടത്തുന്ന സിപിഎമ്മിന്റെ കപട നാടകമാണിത്.
വിശ്വാസികള്‍ക്കൊപ്പമാണെന്നു പറയുമ്പോള്‍ ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഇപ്പോഴുള്ള നിലപാട് എന്താണെന്നു വ്യക്തമാക്കണം. അന്ന് വിശ്വാസികള്‍ക്കെതിരേ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നും ഭാരവാഹികള്‍ ചോദിച്ചു.
ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്.വി. ബാബു, കേരള ക്ഷേത്രസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് എം. മോഹനന്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ്, അയ്യപ്പ സേവാസംഘം പ്രതിനിധി കെ.സി. നരേന്ദ്രന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.