പോലീസുകാർക്കെതിരേ ഉടൻ നടപടി വേണം: വി.ഡി. സതീശൻ
Thursday, September 4, 2025 2:14 AM IST
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പോലീസ് ക്രൂരമായി മർദിച്ച ദൃശ്യം പുറത്തു വന്ന പശ്ചാത്തലത്തിൽ ഇവർക്കെതിരേ ഉടൻ കർശനനടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ഇവർ പോലീസുകാരല്ല, കാക്കി വേഷധാരികളായ നരാധമന്മാരാണ്. പോലീസ് സ്റ്റേഷനുകൾ കൊലക്കളങ്ങളാക്കാൻ മടിയില്ലാത്ത ക്രിമിനൽ സംഘമാണ്. ഇവരെ വളർത്തുന്നത് സിപിഎമ്മും അവരെ നിയന്ത്രിക്കുന്ന ഉപജാപകസംഘങ്ങളുമാണ്.
പോലീസിലെ ക്രിമിനലുകളെ വളർത്തുന്നതിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കും പങ്കുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങളെ രക്ഷാപ്രവർത്തനമായി വ്യാഖ്യാനിച്ച മുഖ്യമന്ത്രി ഈ ദൃശ്യങ്ങൾ കാണണം. ഇവർ മുഖ്യമന്ത്രിയുടെ വകുപ്പിൽ പ്രവർത്തിക്കുന്നവരാണെന്നു പറയാൻ ലജ്ജ തോന്നുന്നില്ലേ എന്നു സതീശൻ ചോദിച്ചു.