‘ഓണത്തിന് എന്ത് രാഷ്ട്രീയം’; യൂത്ത് കോൺഗ്രസ് ഓണാഘോഷത്തിൽ അതിഥിയായി യു. പ്രതിഭ എംഎൽഎ
Thursday, September 4, 2025 2:14 AM IST
കായംകുളം: യൂത്ത് കോൺഗ്രസ് ഓണാഘോഷത്തിൽ അതിഥിയായി പങ്കെടുത്ത് ഓണാഘോഷത്തിന് രാഷ്ട്രീയമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സിപിഎം വനിത എംഎൽഎ യു. പ്രതിഭ.
യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് രാഷ്ട്രീയവൈരം മറന്ന് സൗഹൃദത്തിന്റെ സന്ദേശവുമായി പ്രതിഭ പങ്കെടുത്തത്.
കോൺഗ്രസ് ഓഫീസിന് എതിർവശത്തുള്ള പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ എംഎൽഎ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് നേതാക്കളായ അരിതാ ബാബു, വിശാഖ് പത്തിയൂർ, അഫ്സൽ പ്ലാമൂട്ടിൽ എന്നിവർ ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് എത്തിയ എംഎൽഎ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സുന്ദരിക്കു പൊട്ടുകുത്തിയുള്ള മത്സരത്തിലും പങ്കെടുത്തു.
കഴിഞ്ഞതവണ എതിർ സ്ഥാനാർഥിയായി മത്സരിച്ച അരിത ബാബു ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരോടൊപ്പം സെൽഫിയും എടുത്ത ശേഷമാണ് എംഎൽഎ മടങ്ങിയത്. ഓണത്തിന് രാഷ്ട്രീയം ഇല്ലെന്നും എല്ലാവരും പരസ്പരം സ്നേഹവും സൗഹൃദവും പങ്കിടാൻ ഇതുപോലത്തെ അവസരം വിനിയോഗിക്കണമെന്നും പ്രതിഭ എംഎൽഎ പറഞ്ഞു.