തെരുവുനായ്ക്കളെ തുരത്താന്‍ ഇലക്ട്രോണിക് വടി; ആശയം വികസിപ്പിച്ചെടുത്തത് സ്കൂള്‍ വിദ്യാര്‍ഥികള്‍
Wednesday, September 3, 2025 2:05 AM IST
കോഴിക്കോട്: സംസ്ഥാനത്തെങ്ങും തെരുവുനായ്ക്കള്‍ ജനജീവിതത്തിനു ഭീഷണി ഉയര്‍ത്തുമ്പോള്‍ തെരുവുനായ്ക്കളെ തുരത്താന്‍ ഇലക്ട്രോണിക് വടിയെന്ന ആശയം വികസിപ്പിച്ചെടുത്ത് വിദ്യാര്‍ഥികള്‍. മലപ്പുറം അരീക്കോട് വടശേരി ഗവ. ഹൈസ്കൂളിലെ മൂന്നു പൂര്‍വവിദ്യാര്‍ഥികള്‍ വികസിപ്പിച്ച മാജിക് വടിയുടെ ആശയത്തിനു പേറ്റന്റ് നേടാനുള്ള ശ്രമം നടക്കുകയാണ്. സ്കൂളിലെ ഫിസിക്സ് അധ്യാപകന് കോഴിക്കോട് ചേളന്നൂര്‍ സ്വദേശി കെ. പ്രഗിത്താണ് മെന്റര്‍.
ബട്ടണ്‍ ഘടിപ്പിച്ച 40 സെന്റിമീറ്റര്‍ നീളത്തിലുള്ള വടി ഉപയോഗിച്ച് അഞ്ചു വിധത്തില്‍ നായ്ക്കളെ തുരത്താമെന്നതാണു സവിശേഷത. സ്വിച്ചിട്ടാല്‍ വടി അള്‍ട്രാസോണിക് ശബ്ദം പുറപ്പെടുവിക്കുന്നതാണു ഒരു രീതി. മനുഷ്യര്‍ക്ക് ഈ ശബ്ദം കേള്‍ക്കാന്‍ പറ്റില്ല. എന്നാല്‍ നായ്ക്കള്‍ക്ക് അരോചകമായ ശബ്ദമായതിനാല്‍ അവ ഉടന്‍ സ്ഥലംവിടും. വടിയില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ചിട്ടുണ്ട്. പടക്കംപൊട്ടുന്ന ശബ്ദമടക്കം ഇതില്‍ ഉള്‍പ്പെടുത്താം. നായ്ക്കള്‍ ശബ്ദംകേട്ട് ഓടിപ്പോകും.
തെരുവുനായ്ക്കളുടെ കണ്ണിലേക്ക് അടിക്കുന്നതിനുള്ള ലൈറ്റാണു മറ്റൊന്ന്. നായ്ക്കള്‍ക്കു ഷോക്ക് ഏല്‍പ്പിക്കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്. വടിയുടെ അറ്റത്താണ് രണ്ടു കമ്പികള്‍ ഘടിപ്പിക്കുക. ഇതിലൂടെ വൈദ്യുതി പ്രവഹിക്കും.
ഷോക്ക് ഏല്ക്കുമ്പോള് നായ്ക്കള്‍ ജീവനുംകൊണ്ട് ഓടും. കടിക്കാന്‍ വരുന്ന നായ്ക്കള്ക്കുനേരേ കുരുമുളക് പൊടി സ്പ്രേ ചെയ്യുന്നതാണ് അവസാനത്തേത്. കുരുമുളകിനു പകരം രാസവസ്തുക്കളും ഉപയോഗിക്കാന്‍ പറ്റും. ബാഗില്‍ വയ്ക്കാവുന്ന വടി എപ്പോഴും കൈയില്‍ കുരുതണം.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കഴിഞ്ഞവര്‍ഷമാണ് പി. അഭിഷേക്, വി.പി. നിഹാല്‍, സാദിന് മുഹമ്മദ് സുബൈര്‍ എന്നിവര്‍ ചേര്‍ന്ന് ഈ ആശയം വികസിപ്പിച്ചെടുത്തത്. ഇതേ സ്കൂളില്‍ പ്ലസ് വണ്ണിനു പഠിക്കുകയാണ് ഇവരിപ്പോള്‍. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്നവേഷന്‍ മാരത്തണില്‍ ഈ ആശയം സമ്മാനം നേടിയിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണു കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിന് ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ മത്സരം സംഘടിപ്പിച്ചിരുന്നത്. ഇതില്‍ രാജ്യത്തുനിന്ന് 27 ടീമുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. അതിലൊന്നാണ് വടശേരി ഗവ. ഹൈസ്കൂള്‍. ആശയത്തിന്റെ വര്‍ക്കിംഗ് മോഡലുമായാണു വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ പ്രദര്‍ശനത്തിനു പോയത്. വര്‍ക്കിംഗ് മോഡല്‍ ഉണ്ടാക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ അര ലക്ഷം രൂപ നല്‍കിയിരുന്നു. ഡല്‍ഹിയില്‍ നോയ്ഡ ഗല്ഗോഷ്യ യൂണിവേഴ്സിറ്റിയില്‍ ഈ പ്രോഡക്ട് വിപണിയിലിറക്കുന്നതിനുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്.