സിപിഎം നേതാക്കൾ ചൈന ഭക്തർ: ചെറിയാൻ ഫിലിപ്പ്
Thursday, September 4, 2025 2:14 AM IST
തിരുവനന്തപുരം: 1962 മുതൽ ഇന്ത്യയുടെ മുഖ്യശത്രുവായ ചൈനയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ബന്ധത്തെ വാഴ്ത്തുന്ന എം.എ. ബേബിയെ പോലുള്ള സിപിഎം നേതാക്കൾ അന്ധമായ ചൈന ഭക്തരാണെന്ന് കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
ചൈന പിടിച്ചടക്കിയ ഇന്ത്യയുടെ ഭാഗമായ അക്സായ്ചിൻ പ്രദേശം വിട്ടുതരാനാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ചൈനയോട് ആവശ്യപ്പെടേണ്ടത്. ലഡാക് പ്രദേശത്തെ ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന പ്രദേശമെന്ന് പറഞ്ഞ ഇഎംഎസിന്റെ പഴയ നയം ബേബി തിരുത്തണം.
ഡോണാൾഡ് ട്രംപിന് ഇടയ്ക്കിടെ ശക്തമായ മുന്നറിയിപ്പുനൽകുന്ന ബേബി, ചൈനീസ് പ്രസിഡന്റ് ഷി ചിന്പിംഗിന് ശക്തമായ ഉപദേശം നൽകിക്കൊണ്ടിരിക്കണം. ഇന്ത്യയുമായുള്ള തർക്ക പ്രശ്നത്തിൽ പാക്കിസ്ഥാനെ ഇപ്പോഴും പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാട് മാറ്റാൻ ബേബി പരിശ്രമിക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.