ഡാറ്റാ അപ്ഡേഷൻ പൂർത്തിയായി; റേഷൻ വിതരണം പുനരാരംഭിച്ചു
Wednesday, September 3, 2025 2:05 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) കീഴിലുള്ള ഏകീകൃത സോഫ്റ്റ്വേറിലേക്ക് കേരളത്തിലെ റേഷൻ ഗുണഭോക്താക്കളുടെ ഡാറ്റ പങ്കിടുന്ന പ്രക്രിയ ഇന്നലെ വൈകുന്നേരത്തോടെ പൂർത്തിയായതിനെത്തുടർന്ന് റേഷൻ വിതരണം പുനരാരംഭിച്ചു.
കേന്ദ്ര നിർദേശപ്രകാരം സ്മാർട്ട് പിഡിഎസ് പദ്ധതി കേരള സർക്കാരും നടപ്പാക്കിയതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള അപ്ഡേഷൻ അത്യാവശ്യമായി വന്നത്.
രാജ്യത്താകമാനം പിഡിഎസ് സംവിധാനത്തിനുവേണ്ടി ഏക സോഫ്റ്റ്വേർ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത ഡാറ്റാ ട്രാൻസ്ഫർ/അപ്ഡേഷൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇ-പോസ് ക്രമീകരണത്തിന് ഇന്നലെ ഉച്ചവരെയാണ് എൻഐസി ഹൈദരാബാദ് ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം നാലുമുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ രണ്ടു മണിക്കൂറോളം വൈകി ആറോടെയാണ് എൻഐസി അപ്ഡേഷൻ പൂർത്തിയാക്കിയത്.
ഓണത്തോടനുബന്ധിച്ചുള്ള അരിയുടെയും സ്പെഷൽ അരിയുടെയും വിതരണം ഓഗസ്റ്റ് 31ന് പൂർത്തിയായിരുന്നു.
ഓഗസ്റ്റ് മാസം മുൻഗണനാ കാർഡുടമകളിൽ 97.22 ശതമാനവും ആകെ കാർഡുടമകളിൽ 86.75 ശതമാനവും റേഷൻവിഹിതം കൈപ്പറ്റി. സെപ്റ്റംബർ മാസത്തെ റേഷൻവിഹിതം ഈ മാസം 30 വരെ കൈപ്പറ്റുന്നതിന് അവസരമുണ്ട്.
എഎവൈ (മഞ്ഞ) കാർഡ് വിഭാഗത്തിനുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 15 വരെ തുടരുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.