ട്രിവാന്‍ഡ്രം റോയല്‍സ് ജയത്തോടെ മടങ്ങി
Wednesday, September 3, 2025 11:08 PM IST
തോമസ് വര്‍ഗീസ്
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20യുടെ രണ്ടാം സീസണ് ലീഗ് റൗണ്ടില്‍ തങ്ങളുടെ അവസാന രണ്ടു മത്സരങ്ങളും ജയിച്ച് ആതിഥേയരായ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് തലയുയര്‍ത്തി മടങ്ങി.
സെമിയില്‍ പ്രവേശിക്കില്ലെന്നു നേരത്തേ തീരുമാനമായെങ്കിലും അവസാന രണ്ടു മത്സരങ്ങളും ജയിച്ചാണ് റോയല്‍സിന്റെ രാജകീയ മടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ ട്രിവാന്‍ഡ്രം ആലപ്പി റിപ്പിള്‍സിനെ 110 റണ്‍സിനു തകര്‍ത്തെറിഞ്ഞു.
കെസിഎല്ലിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുമായി (154 റണ്‍സ്) ട്രിവാന്‍ഡ്രം റോയല്‍സ് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദും വിഷ്ണു രാജും, നാല് ഓവറില്‍ 18 റണ്‍സ് മാത്രം നല്കി നാല് വിക്കറ്റ് പിഴുത അഭിജിത് പ്രവീണും ചേര്‍ന്നാണ് റോയല്‍ ജയമൊരുക്കിയത്.
സ്കോര്‍: ട്രിവാന്‍ഡ്രം റോയില്സ് 20 ഓവറില്‍ അഞ്ചിന് 208. ആലപ്പി റിപ്പിള്‍സ് 17 ഓവറില്‍ 98.
വെടിക്കെട്ട് തുടക്കം
തൃശൂര്‍ ടൈറ്റന്‍സിനെ ബുധനാഴ്ച രാത്രിയില്‍ 17 റണ്‍സിനു കീഴടക്കിയപ്പോള്‍ ട്രിവാന്‍ഡ്രത്തിനായി സെഞ്ചുറി നേടിയ കൃഷ്ണപ്രസാദ് ഇന്നലെയും വെടിക്കെട്ട് തുടക്കം കുറിച്ചു. വിഷ്ണു രാജും (52 പന്തില്‍ 90) കൃഷ്ണപ്രസാദും (46 പന്തില്‍ 60) ചേര്‍ന്നുള്ള ഓപ്പണിംഗ് വിക്കറ്റില്‍ റിക്കാര്‍ഡ് സ്കോറാണ് (154) പിറന്നത്. ആദ്യ ഓവറുകളില്‍ കൃഷ്ണപ്രസാദും വിഷ്ണുരാജും സിംഗിളുകള്‍ നേടി സ്കോര്‍ മുന്നോട്ടു നീക്കി.
അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ട്രിവാന്‍ഡ്രം വിക്കറ്റ് നഷ്ടമില്ലാതെ 36 എന്ന നിലയിലായിരുന്നു. ഏഴാം ഓവറില്‍ സ്കോര്‍ 50 കടന്നു. 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ട്രിവാന്‍ഡ്രം 78 റണ്‍സ് എന്ന നിലയില്‍. 10-ാം ഓവറിലെ അവസാന പന്ത് മിഡ് വിക്കറ്റിലേക്കു അടിച്ച് ഒരു റണ്‍സ് നേടിയ കൃഷ്ണപ്രസാദ് അര്‍ധ സെഞ്ചുറി തികച്ചു.
12-ാം ഓവറിലെ ആദ്യപന്ത് ഡീപ് എക്സ്ട്രാ കവറിലൂടെ സിക്സര്‍ പായിച്ച് വിഷ്ണു രാജും അര്‍ധ സെഞ്ചുറിക്ക് അവകാശിയായി. 16-ാം ഓവറിലെ അവസാന പന്തില്‍ ശ്രീഹരി എസ്. നായര്‍ കൃഷ്ണപ്രസാദിനെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. 17-ാം ഓവറിലെ രണ്ടാം പന്തില്‍ രാഹുല്‍ ചന്ദ്രനു വിക്കറ്റ് നല്കി വിഷ്ണു രാജും മടങ്ങി.
സഞ്ജീവ് സതിരേശന്‍ (12 പന്തില്‍ 31), എം. നിഖില്‍ (7 പന്തില്‍ 18 നോട്ടൗട്ട്) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കണ്ടത്.
വിക്കറ്റ് വേട്ട
209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ജലജ് സക്സേനയെ (5) നഷ്ടമായി. ഏഴാം ഓവറില്‍ ആലപ്പി 50 കടന്നു. അഭിജിത് പ്രവീണ്‍ എറിഞ്ഞ ഒമ്പതാം ഓവറില്‍ കെ.എ. അരുണ്‍ (18 പന്തില്‍ 14), അഭിഷേക് പി. നായര്‍ (0) എന്നിവര്‍ പവലിയനിലേക്കു മടങ്ങി. 10 ഓവറില്‍ നാലിന് 68 എന്ന നിലയിലായിരുന്നു ആലപ്പി. മുഹമ്മദ് കൈഫ് (1), എസ്.എന്‍. അര്ജുന് (6) എന്നിവര്‍ വന്നതുപോലെ മടങ്ങി. ഒരു വശത്ത് വിക്കറ്റ് വീണപ്പോഴും ഓപ്പണര്‍ എ.കെ. ആകര്‍ഷ് (43 പന്തില്‍ 55) പൊരുതി നിന്നു. ആകര്‍ഷാണ് ആലപ്പിയുടെ ടോപ് സ്കോറര്‍.
അഭിജിത് പ്രവീണിനു (4/18) പിന്നാലെ ജെ.എസ്. അനുരാജും (2/12) ട്രിവാന്‍ഡ്രത്തിനായി മികച്ച ബൗളിംഗ് കാഴ്ചവച്ചു.
കാലിക്കട്ട്, തൃശൂര്‍ സെമിയില്‍
ആലപ്പി റിപ്പിള്‍സിനെ അദാനി ട്രിവാന്‍ഡ്രം കീഴടക്കിയതോടെ കാലിക്കട്ട് ഗ്രോബ്സ്റ്റാഴ്സ്, തൃശൂര്‍ ടൈറ്റന്‍സ് ടീമുകള്‍ സെമി ഉറപ്പാക്കി. കാലിക്കട്ടും തൃശൂരും തമ്മില്‍ ഇന്നു മത്സരമുണ്ട്.
കൊച്ചി ബ്ലൂ ടൈഗേഴ്സ് നേരത്തേതന്നെ സെമിയില്‍ ഇടംപിടിച്ചിരുന്നു.