സ്റ്റാർക്ക് എൻഡ്..!
Wednesday, September 3, 2025 2:45 AM IST
ബ്രിസ്ബെയ്ൻ: ട്വന്റി-20 ക്രിക്കറ്റിനോട് അപ്രതീക്ഷിതമായി വിടപറഞ്ഞ് ഓസ്ട്രേലിയൻ ഇടംകൈയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ടെസ്റ്റ് ക്രിക്കറ്റിലും 2027 ഏകദിന ലോകകപ്പിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് 35കാരനായ സ്റ്റാർക്ക് ട്വന്റി-20ൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
2012ൽ ദേശീയ ടീമിൽ അരങ്ങേറിയ സ്റ്റാർക്ക് ട്വന്റി-20 ക്രിക്കറ്റിൽ ഓസീസ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 103 മത്സരത്തിൽനിന്ന് 130 വിക്കറ്റ് നേടിയ ആദം സാന്പയാണ് സ്റ്റാർക്കിന് മുന്നിലുള്ളത്.
കഴിഞ്ഞ വർഷം ഇന്ത്യക്കെതിരേ നടന്ന ട്വന്റി20 ലോകകപ്പിലാണ് സ്റ്റാർക്ക് അവസാനമായി കളിച്ചത്. 2022ൽ വെസ്റ്റിൻഡീസിനെതിരേ 20 റണ്സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിംഗ്. 65 ട്വന്റി-20 മത്സരത്തിൽനിന്ന് 79 വിക്കറ്റുകളാണ് താരം ഓസീസിനായി നേടിയത്.
രാജ്യാന്തര ട്വന്റി20ൽനിന്ന് വിരമിച്ചെങ്കിലും ഐപിഎൽ അടക്കമുള്ള ഫ്രാഞ്ചൈസി ലീഗ് മത്സരങ്ങളിൽ കളിക്കും.
സ്റ്റാർക്ക് സിഗ്നേച്ചർ!
അതിവേഗ ഫുൾലെംഗ്ത് പന്തുകൾ സ്ട്രൈക്ക് ബൗളറെന്ന നിലയിൽ ഇടംകൈയൻ പേസറുടെ സിഗ്നേച്ചർ പതിപ്പിച്ചു. വിക്കറ്റിലേക്ക് ബാറ്ററെ വിറപ്പിക്കുന്ന തീപ്പന്തുകൾ എറിയാൻ കഴിയുന്ന അപൂർവം ബൗളർമാരിൽ ഒരാളായിരുന്നു സ്റ്റാർക്ക്. നിർണായക സമയത്ത് വിക്കറ്റ് വീഴ്ത്താനുള്ള സ്റ്റാർക്കിന്റെ മികവ് അവിശ്വസനീയമാണ്. ഓസീസിന്റെ വൻ നേട്ടങ്ങൾക്കു പിന്നിലെ മുൻനിരക്കാരനുമാണ് സ്റ്റാർക്ക്.
2026 പകുതി മുതൽ ഓസ്ട്രേിയയ്ക്ക് ടെസ്റ്റ് പരന്പരയുടെ തിരക്ക് തുടങ്ങും. ബംഗ്ലാദേശിനെതിരായ ഹോം പരന്പര, ദക്ഷിണാഫ്രിക്കൻ പര്യടനം, ന്യൂസിലൻഡിനെതിരായ നാല് മത്സരങ്ങളുടെ പരന്പര, 2027 ജനുവരിയിൽ ഇന്ത്യയിൽ അഞ്ച് ടെസ്റ്റ് മത്സരം, ഇംഗ്ലണ്ടിനെതിരേ എംസിജിയിൽ 150-ാം വാർഷിക മത്സരം, 2027 മധ്യത്തിൽ ആഷസ് പരന്പര. 2027 ഒക്ടോബർ, നവംബർ മാസങ്ങളിലായി ഏകദിന ലോകകപ്പും.