യുഎസ് ഓപ്പണ്‍: സിന്നർ, സബലങ്ക പ്രീക്വാർട്ടറിൽ
Tuesday, September 2, 2025 2:22 AM IST
ന്യൂയോർക്ക്: ലോക ഒന്നാം നന്പർ താരം യാനിക് സിന്നർ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ടെന്നിസ് പ്രീക്വാർട്ടറിൽ.
കാനഡയുടെ ഡെന്നിസ് ഷപോവാലവിനെതിരേ ആദ്യ സെറ്റ് നഷ്ടമാക്കുകയും മൂന്നാം സെറ്റിൽ 0-3ന് പിന്നിൽ നിൽക്കുകയും ചെയ്തശേഷമാണ് സിന്നർ തിരിച്ചടിച്ചത് (5-7, 6-4, 6-3, 6-3). മറ്റൊരു കാനഡ താരം ഫെലിക്സ് ആഗർ മൂന്നാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അട്ടിമറിച്ചു (4-6, 7-6, 6-4, 6-4). രണ്ടാം റാങ്ക് കാർലോസ് അൽകരാസ് 7-6, 6-3, 6-4 സ്കോറിന് ആർതർ റിൻഡർക്നെച്ചിനെ വീഴ്ത്തി പ്രീക്വാർട്ടറിൽ കടന്നു.
നവാക് ജോക്കോവിച്ച് ജാൻ ലെന്നാർഡ് സ്ട്രഫിനെ 6-3, 6-3, 6-2 സ്കോറിന് മറികടന്ന് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. പുരുഷ സിംഗിൾസിൽ നാലാം സീഡ് ടെയ്ലര് ഫ്രിറ്റ്സ്, എട്ടാം സീഡ് അലക്സ് ഡി. മിനോർ, പത്താം സീഡ് ലോറെൻസോ മുസെറ്റി, 15-ാം സീഡ് ആന്ദ്രേ റുബ്ലേവ് എന്നിവരും വിജയിച്ചു.
വനിത സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം അരീന സബലങ്ക 6-1, 6-4 സ്കോറിന് അനായാസം ബുക്സയെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ കടന്നു. ഇഗ ഷ്യാങ്ടെക്, നാലാം സീഡ് ജെസിക്ക പെഗുല, എട്ടാം സീഡ് അമാൻഡ അനിസിമോവ എന്നിവരും പ്രീക്വാർട്ടറിലെത്തി.
ഇന്ത്യക്ക് നിരാശ:
പുരുഷ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു. വിജയ് സുന്ദർ പ്രശാന്ത്, അനിരുദ്ധ് ചന്ദ്രശേഖർ സഖ്യം ഫെർണാണ്ടോ റോംബോലി, ജോണ്‍ പാട്രിക് സ്മിത് സഖ്യത്തോട് 4-6, 3-6 സ്കോറിന് തോൽവി വഴങ്ങി രണ്ടാം റൗണ്ടിൽ പുറത്തായി.