സിന്ധു ഔട്ട്
Saturday, August 30, 2025 1:52 AM IST
പാരീസ്: 2025 ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു.
വനിതാ സിംഗിള്‍സില്‍ അഞ്ച് തവണ ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടിയ പി.വി. സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായതോടെയാണിത്. ഇന്തോനേഷ്യയുടെ പുത്രി കുസുമ വര്ദാനിയോട് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ സിന്ധു കീഴടങ്ങി. സ്കോര്‍: 14-21, 21-13, 16-21.
പ്രതീക്ഷ ഡബിള്‍സില്‍
പുരുഷ ഡബിള്‍സില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിലാണ് ഇനി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. സെമിയില്‍ പ്രവേശിച്ചാല്‍ വെങ്കല മെഡല്‍ ഉറപ്പിക്കാം.
അതേസമയം, ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യയുടെ ആദ്യ മിക്സഡ് ഡബിള്‍സ് ജോഡി എന്ന നേട്ടത്തിലെത്താന്‍ ധ്രുവ് കപില-തനിഷ ക്രാസ്റ്റോ കൂട്ടുകെട്ടിനു സാധിച്ചില്ല.
ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ലോക നാലാം നമ്പറായ ചെന്‍ താങ് ജി - തോ ഈ വി കൂട്ടുകെട്ടിനോട് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടു. സ്കോര്‍: 15-21, 13-21.