കാണം വിറ്റും പിരിക്കണം 50 കോടി!
Saturday, August 30, 2025 2:53 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഒരു മാസം നീണ്ടുനിൽക്കുന്ന വികസന സദസിന്റെ ചെലവും തദ്ദേശ സ്ഥാപനങ്ങൾ വഹിക്കാൻ നിർദേശം.
എല്ലാ തദ്ദേശസ്ഥാപനങ്ങളും തനത് ഫണ്ടിൽനിന്നോ പ്ലാൻ ഫണ്ടിൽനിന്നോ ലക്ഷങ്ങൾ ചെലവഴിക്കാൻ അനുമതി നൽകിയതിനൊപ്പം സ്പോണ്‍സർഷിപ്പിലൂടെയും സദസ് നടത്താൻ ആവശ്യമായ തുക കണ്ടെത്താൻ നിർദേശിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേരളം ചുറ്റിയ നവകേരള സദസിനു പിന്നാലെയാണ് വികസനസദസ് സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചത്.
നവകേരള സദസ് യുഡിഎഫ് ബഹിഷ്കരിച്ചിരുന്നു. ഉദ്ഘാടനത്തിനുശേഷം 20 മിനിറ്റിൽ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ പ്രസന്റേഷൻ നടത്തണം. തുടർന്നുള്ള 25 മിനിറ്റ് അതിദാരിദ്ര്യ നിർമാർജനം, ലൈഫ് മിഷൻ, മാലിന്യമുക്ത നവകേരളം, ഗ്രാമീണ റോഡുകൾ തുടങ്ങിയ മേഖലയിലെ തദ്ദേശസ്ഥാപന നേട്ടങ്ങൾ തദ്ദേശസ്ഥാപന സെക്രട്ടറിമാർ വിവരിക്കണം. അവസാന ഒരു മണിക്കൂർ ജനങ്ങളിൽനിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ആശയങ്ങളും സ്വീകരിക്കണം.
വികസനസദസ് സംഘടിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് രണ്ടു ലക്ഷം രൂപ വരെയും നഗരസഭകൾ നാലുലക്ഷവും കോർപറേഷനുകൾ ആറു ലക്ഷം രൂപയും തനത് ഫണ്ട്, പ്ലാൻ ഫണ്ടിൽനിന്നു ചെലവഴിക്കാം. മറ്റ് ആവശ്യമായ തുക സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താനും നിർദേശിക്കുന്നു.
ഇതോടൊപ്പം അതത് തദ്ദേശ സ്ഥാപനത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കണമെന്നും നിർദേശിക്കുന്നു.
സെപ്റ്റംബർ 20ന് മുഖ്യമന്ത്രി വികസനസദസ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 20 വരെ വികസന സദസ് തുടരും. എംഎൽഎ, തദ്ദേശസ്ഥാപന അംഗങ്ങൾ, വിശിഷ്ട വ്യക്തികൾ തുടങ്ങിയവരെയും ക്ഷണിക്കാം.
ഗ്രാമപഞ്ചായത്തിൽ 250 മുതൽ 300 പേരെയും നഗരസഭകളിൽ 750- 1000 പേരെയും പങ്കെടുപ്പിക്കണം. എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു.