ഓപ്പൺ ചെയ്യല്ലേ, പണി കിട്ടും
Friday, August 29, 2025 1:14 AM IST
കൊച്ചി: ഇയാളെ നിങ്ങൾക്ക് അറിയാമോ? ഒരുപക്ഷേ, ഇത്തരത്തിലൊരു വാട്സാപ് സന്ദേശം നിങ്ങൾക്കും കിട്ടിയിരിക്കാം. പറഞ്ഞുവരുന്നത് സൈബർ തട്ടിപ്പിന്റെ ലേറ്റസ്റ്റ് വേർഷനായ സ്റ്റെഗ്നോഗ്രഫിയെക്കുറിച്ചാണ്.
വാട്സാപ്പിൽ വരുന്ന ഇത്തരം ഫോട്ടോകളും സന്ദേശങ്ങളും ഓപ്പൺ ചെയ്യാൻ നിൽക്കരുതെന്നാണ് സൈബർ പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകൾ സംസ്ഥാനത്തു വ്യാപകമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
കൗതുകം കെണിയാകും
ഫോട്ടോ തെളിയാത്തതിനാൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആരും ക്ലിക്ക് ചെയ്യും. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വാട്സാപ് ആദ്യം ഹാക്ക് ചെയ്യപ്പെടും. തുടർന്ന് നിങ്ങളുടെ ഫോൺ തട്ടിപ്പുകാരന്റെ നിയന്ത്രണത്തിലാകും. ബാങ്ക് അക്കൗണ്ടിലെ പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാരുടെ സോഫ്റ്റ്വേറുകൾ ഫോട്ടോകളുടെ മറവിൽ ഒളിപ്പിച്ചുകടത്തുന്ന രീതിയാണിത്.
പരിചയമില്ലാത്തവരുടെയോ പരിചയമുള്ളവരുടെയോ നമ്പറുകളിൽനിന്ന് ഇത്തരം സന്ദേശങ്ങൾ വരാം. നിങ്ങളുടെ പരിചയക്കാരെ ഇത്തരത്തിൽ പറ്റിച്ച് അവരുടെ വാട്സാപ് ഹാക്ക് ചെയ്തശേഷമായിരിക്കും സന്ദേശങ്ങൾ അയച്ചിട്ടുണ്ടാകുക. ഇതറിയാതെ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണും ഹാക്ക് ചെയ്യപ്പെടും. ഇത്തരം തട്ടിപ്പിനിരയായാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930യിലോ പരാതിപ്പെടാം.