സഹനങ്ങളിലൂടെ സഭയെ ഒരുക്കുന്ന കാലഘട്ടം: മാർ പാംപ്ലാനി
Friday, August 29, 2025 1:14 AM IST
കൊച്ചി: സഹനങ്ങളിലൂടെ സഭയെ ഒരുക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ടു പോകുന്നതെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
വേദനകൾക്കും സഹനങ്ങൾക്കുംശേഷമാണ് കൃപ എത്തുക. സീറോമലബാർ സഭയ്ക്ക് കേരളത്തിനു പുറത്ത് നാല് അതിരൂപതകളും പുതിയ മെത്രാന്മാരെയും ലഭിച്ചതിലൂടെ സഭ കൂടുതൽ അനുഗ്രഹിക്കപ്പെട്ടു. സഭയിലെ പുതിയ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും ആശംസകൾ നേർന്നു സംസാരിക്കവേ മാർ പാംപ്ലാനി പറഞ്ഞു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ എന്നിവരുൾപ്പെടെ സഭയിലെ മേലധ്യക്ഷൻമാർ ഏറെ വേദനകളിലൂടെ കടന്നുപോയിട്ടുണ്ട്. ദൈവത്തിനുമുമ്പിൽ ഈ സഹനങ്ങളൊന്നും പാഴായില്ല. സഭ പുതിയ വളർച്ചയിലേക്ക് കുതിക്കുകയാണ്. അവർണനീയമായ ദാനത്തിനു നാം ദൈവത്തിനു നന്ദി പറയണം -മാർ പാംപ്ലാനി പറഞ്ഞു.
പുതിയ നിയമനങ്ങൾ സംബന്ധിച്ച ഉത്തരവുകൾ സഭാ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. സിനഡിലെ മെത്രാന്മാർ പ്രഖ്യാപന ചടങ്ങിന് സാക്ഷ്യം വഹിച്ചു. മേജർ ആർച്ച്ബിഷപ്പിന്റെ പ്രാർഥനയോടെയാണു ചടങ്ങുകൾ അവസാനിച്ചത്.
സഭയുടെ 33-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം ഇന്നു സമാപിക്കും.