ഐടി ജീവനക്കാരനെ മർദിച്ച സംഭവം; നടിക്കൊപ്പം ഉണ്ടായിരുന്നത് ക്വട്ടേഷന്‍ സംഘാംഗം
Friday, August 29, 2025 1:14 AM IST
കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോന്റെ ഇടപെടലില്‍ ദുരൂഹത. നടിക്കൊപ്പമുണ്ടായിരുന്ന യുവാക്കളില്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവും ഉണ്ടായിരുന്നതാണു ദുരൂഹതയ്ക്കിടയാക്കിയിട്ടുള്ളത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കേസിൽ അറസ്റ്റിലായ വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന് ക്വട്ടേഷന്‍ സംഘാംഗവും ക്രിമിനല്‍ കേസ് പ്രതിയുമാണെന്ന് പോലീസ് കണ്ടെത്തി. 2023 നവംബറില്‍ പോലീസ് ചമഞ്ഞ് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്‍ണം കവര്‍ന്ന സംഘത്തില്‍ ഇയാളും ഉള്‍പ്പെട്ടിരുന്നു. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പോലീസ് മിഥുൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഈ കേസിൽ ഇയാൾ ജാമ്യത്തിലാണ്.
ആലുവ സ്വദേശിയായ സ്വർണവ്യാപാരിയുടെ സുഹൃത്ത് നൽകിയ ക്വട്ടേഷൻ അനുസരിച്ചായിരുന്നു മിഥുന്റെയും മറ്റും പ്രവർത്തനം.
തൃശൂരിലെ സ്വർണാഭരണ നിർമാണശാലയിൽനിന്നു കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വില്പന നടത്താനുള്ള സ്വർണവുമായി റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ ഒരുസംഘം കാറിലെത്തി വ്യാപാരിയെ തടഞ്ഞു മർദിച്ചവശനാക്കുകയും സ്വർണം കവരുകയുമായിരുന്നു. മിഥുനെതിരേയുള്ള കേസുകൾ പോലീസ് പരിശോധിച്ചുവരികയാണ്.