വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനേ കൂട്ടി
Friday, August 29, 2025 1:14 AM IST
നെടുമ്പാശേരി: അവധിക്കാലത്തു നാട്ടിലെത്തി തിരിച്ചുപോകുന്ന വരെയും ഓണം ആഘോഷിക്കാൻ ഗൾഫ് മേഖലയിൽനിന്നു നാട്ടിലെത്തുന്നവരെയും കൊള്ളയടിക്കുന്ന വിധത്തിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വർധിപ്പിച്ചു.
ടിക്കറ്റ് നിരക്ക് വർധനമൂലം ഒരു കുടുംബത്തിനു തിരിച്ചുപോകാൻ 80,000 മുതൽ ഒരു ലക്ഷം രൂപ വരെ അധികമായി മുടക്കേണ്ട സ്ഥിതിയുണ്ട്. പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ നിർദേശാനുസരണം ടിക്കറ്റ് ഏകീകരണം ഉണ്ടാകുമെന്ന് ഡിജിസിഎ അറിയിച്ചിരുന്നെങ്കിലും ഇതു നടപ്പിലായിട്ടില്ല.
പതിവുപോലെ ഈ വർഷവും ഗൾഫ് മലയാളികളെ വിമാനക്കമ്പനികൾ പിഴിയുകയാണ്. ഇതുമൂലം ഗൾഫിൽ സ്കൂളുകൾ തുറന്നിട്ടും പലരും നാട്ടിൽനിന്നു പോയിട്ടില്ല. പത്ത്, പ്ലസ് ടു ക്ലാസുകളിൽ അവിടെ പഠനം തുടങ്ങിക്കഴിഞ്ഞു.
അബുദാബിയിലേക്കു നേരത്തേ 10,000 രൂപയ്ക്കു കിട്ടുമായിരുന്ന വിമാനടിക്കറ്റിന് ഇപ്പോൾ ശരാശരി 32,000 രൂപയാണു നിരക്ക്. ദുബായിലേക്ക് 35,000ത്തോളം രൂപ നൽകണം.
ഷാർജ, അലൈൻ, ദമാം, ജിദ്ദ, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കു സമാനനിരക്കിൽ ടിക്കറ്റ് നിരക്ക് വർധിച്ചിട്ടുണ്ട്. അതേസമയം പ്രവാസിമലയാളികൾ തിരിച്ചുപോയി കഴിയുന്ന സെപ്റ്റംബർ അവസാനവാരം മുതൽ ഈ സ്ഥലങ്ങളിലേക്ക് ഓൺലൈനിൽ ശരാശരി 9500 രൂപയ്ക്കു ടിക്കറ്റ് കിട്ടും.