വന്ദേഭാരത് കാർഗോ ട്രെയിൻ ട്രാക്കിലേക്ക്; പരീക്ഷണ ഓട്ടം അടുത്ത മാസം
Thursday, August 28, 2025 1:16 AM IST
എസ്.ആർ. സുധീർ കുമാർ
പരവൂർ (കൊല്ലം): അതിവേഗ ചരക്കു ഗതാഗതം ലക്ഷ്യമിട്ടു വന്ദേ ഭാരത് കാർഗോ (പാർസൽ )ട്രെയിനുകൾ സർവീസ് ആരംഭിക്കാനുള്ള റെയിൽവേ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ കാർഗോ ട്രെയിനിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. രണ്ടു മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കാൻ കഴിയുമെന്നു ചെന്നൈ ഐസിഎഫ് അധികൃതർ സൂചിപ്പിച്ചു.
ചെന്നൈ പെരമ്പൂരിലെ കോച്ച് ഫാക്ടറിയിൽ 16 കോച്ചുകളുള്ള ട്രെയിനാണ് നിർമിച്ചിട്ടുള്ളത്. 264 ടൺ ചരക്ക് കൊണ്ടുപോകാനുള്ള ശേഷി ഈ വണ്ടിക്ക് ഉണ്ടാകും. നിർമാണം പൂർത്തിയായ സ്ഥിതിക്കു ചരക്കുകൾ കയറ്റിയുള്ള പരീക്ഷണ ഓട്ടം സെപ്റ്റംബറിൽ നടത്തും. തുടർന്നു റിസർച്ച് ആന്ഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ വിവിധ തലത്തിലുള്ള സുരക്ഷാ പരിശോധനകളും പൂർത്തിയാക്കും. വന്ദേ കാർഗോ ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്. എന്നാൽ പരമാവധി 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ വന്ദേ കാർഗോ ട്രെയിനു സാധിക്കും.
ഇപ്പോൾ രാജ്യത്ത് സർവീസ് നടത്തുന്ന ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണ്. സംസ്കരിച്ച ഭക്ഷ്യസാധനങ്ങളും പഴവർഗങ്ങളും അടക്കം കേടുവരാതെ സുരക്ഷിതമായി കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് വന്ദേഭാരത് കാർഗോ ട്രെയിൻ പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്.
ഇപ്പോൾ രാജ്യത്തെ വിവിധ കമ്പനികളും വിതരണക്കാരും ഏജൻസികളും ഇത്തരം ഭക്ഷ്യവസ്തുക്കൾ കാർഗോ വിമാനങ്ങളിലാണ് കൊണ്ടുപോകുന്നത്. ഇതിനു വൻതുകയാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.
വന്ദേ കാർഗോ ട്രെയിൻ സർവീസ് ആരംഭിച്ചാൽ വളരെ കുറഞ്ഞ നിരക്കിൽ കമ്പനികൾക്ക് ഇത്തരം സാധനങ്ങൾ കൊണ്ടുപോകാൻ കഴിയും.ആദ്യ വന്ദേ ഭാരത് കാർഗോ ട്രെയിൻ സർവീസ് മുംബൈ - കോൽക്കത്ത റൂട്ടിൽ നടത്താനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. പാർസലുകൾ കൊണ്ടുപോകുന്നതിനു റെയിൽവേയുമായി ദീർഘകാല കരാറുകളിൽ ഏർപ്പെടുന്ന കമ്പനികൾക്ക് നിരക്കിൽ കൂടുതൽ ഇളവും നൽകും.