25 മണിക്കൂറിനുശേഷം താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
Thursday, August 28, 2025 1:16 AM IST
താമരശേരി: വയനാട്ടിലേക്കുള്ള പ്രധാന പ്രവേശന മാര്‍ഗമായ താമരശേരി ചുരത്തില്‍ പാറക്കൂട്ടം ഇടിഞ്ഞുവീണുണ്ടായ തടസം നീക്കി ബുധനാഴ്ച രാത്രി എട്ടോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് അടിവാരത്തും ലക്കിടിയിലുമായി നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി.
ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങള്‍ കടത്തിവിട്ടതിനു ശേഷം ചുരത്തില്‍ ഗതാഗത നിരോധനം തുടരുമെന്നു വയനാട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. തുടര്‍ന്ന് ഇന്ന് റോഡില്‍ സുരക്ഷാ പരിശോധന നടത്തിയശേഷം സാധാരണനിലയില്‍ ഗതാഗതം അനുവദിക്കുന്ന കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുക്കും.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ചുരം ഒമ്പതാം വളവിലെ വ്യൂ പോയിന്റിനു സമീപം ഇടിഞ്ഞുവീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് ഇതേ സ്ഥലത്ത് വീണ്ടും മണ്ണിടിഞ്ഞത് ആശങ്കയുയര്‍ത്തിയിരുന്നു.
ചുരത്തില്‍ കനത്ത മഴ തുടരുകയുമാണ്. ഇത് റോഡ് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തിക്കു വെല്ലുവിളിയായിരുന്നു. വയനാട് ഒറ്റപ്പെടുകയും മറ്റു ചുരം റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍ അഗ്നിരക്ഷാസേനയുടെ അടക്കം സഹായത്തോടെ ഇന്നലെ രാത്രി തടസം നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
25 മണിക്കൂറിനു ശേഷമാണ് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചത്. അതേസമയം വയനാട്ടിലേക്കുള്ള മറ്റു ചുരം റോഡുകളായ കുറ്റ്യാടി, നാടുകാണി എന്നിവിടങ്ങളില്‍ വാഹനബാഹുല്യം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. കുറ്റ്യാടി ചുരത്തില്‍ ഇന്നലെ ചരക്കുലോറി ബസിലിടിച്ച് ഏറെനേരം ഗതാഗതം തടസപ്പെടുകയും ചെയ്തു.
വീതി കുറഞ്ഞ കുറ്റ്യാടി ചുരത്തിലൂടെ പോകാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വലിയ ചരക്കുലോറികള്‍ താമരശേരി ചുരം തുറക്കുന്നതും കാത്ത് ലക്കിടി, അടിവാരം മേഖലകളില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു. കിലോമീറ്ററുകൾ ദൂരത്തിലാണ് ചരക്കുവാഹനങ്ങളുടെ നിര രൂപപ്പെട്ടത്.