"വിരട്ടലൊന്നും വേണ്ടാ...'; ബിജെപി അധ്യക്ഷനോടു മുഖ്യമന്ത്രി
Thursday, August 28, 2025 3:05 AM IST
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സർക്കാർ പരിപാടിയല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിപാടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പരിപാടിയെ രാഷ്ട്രീയമായി കാണേണ്ടതില്ല. അയ്യപ്പസംഗമത്തിനു സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകും.
ശബരിമല രാജ്യത്തിനുതന്നെ മാതൃകയായ സ്ഥലമാണ്. മതമൈത്രി ഉൾക്കൊള്ളുന്ന സ്ഥലമാണ്. വാവരെ കണ്ടതിനു ശേഷമാണു അയ്യപ്പനെ ഭക്തർ കാണാൻ പോകുന്നത്.
ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ എല്ലാവർക്കും താൽപര്യമാണ്. കേരളത്തിനു പുറത്തുള്ളവർക്കും താൽപര്യമാണ്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. നല്ല നിലയ്ക്ക് അയ്യപ്പസംഗമം നടക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടി ബിജെപി തടയുമെന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞല്ലോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. “വിരട്ടലൊന്നും ഇങ്ങോട്ടു വേണ്ട. പരിപാടി നടക്കുകതന്നെ ചെയ്യും.
രാജീവ് ചന്ദ്രശേഖറിനു കേരളത്തിന്റെ ശരിയായ നില അറിയാത്തതുകൊണ്ടാണ്. അതുകൊണ്ടാണു വിരട്ടുന്ന രീതിയിൽ സംസാരിച്ചതെന്നു തോന്നുന്നു. അയ്യപ്പസംഗമം നടക്കട്ടേ. അയ്യപ്പന്റെ ആളുകൾ എത്തട്ടെ. അതിനാവശ്യമായ സഹായവും പിന്തുണയും നൽകും”- മുഖ്യമന്ത്രി പറഞ്ഞു.